സിബിയുടെ മരണം: പൊലീസിന് ഗുരുതരമായ വീഴ്‌ചയുണ്ടായി- കളക്‌ടര്‍

പിവി സിബി , പൊലീസ് , കസ്റഡി മരണം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കോട്ടയം| jibin| Last Updated: തിങ്കള്‍, 13 ജൂലൈ 2015 (11:26 IST)
പൊലീസ് കസ്റഡിയിലിരിക്കേ പാറയ്ക്കല്‍ പിവി സിബി (40) മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കളക്ടര്‍ യുവി ജോസിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പൊലീസിന്റെയും നാട്ടുകാരുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം. മരിച്ച സിബിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കളക്ടര്‍ കൈമാറും.

സിബിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരങ്ങാട്ട്പിള്ളിയിലെ സിബിയുടെ വസതിയിൽ ഉച്ചയ്ക്ക് 12.30നാണ് സംസ്‌കാര ചടങ്ങുകൾ. മരണത്തെത്തുടര്‍ന്ന് എൽഡിഎഫ് കോട്ടയം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസമായിട്ടും ഇരുചക്രവാഹനങ്ങള്‍ നിരത്തിലുണ്ട്. ചില ദീര്‍ഘദൂര കെഎസ്ആര്‍ടിസിബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ജില്ലയില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച്ച സിബിയുടെ മൃതദേഹവും വഹിച്ച് നാട്ടുകാർ മരങ്ങാട്ട്പിള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കസ്റ്റഡിയിൽ സിബിയെ മർദിച്ചു കൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കുമെന്ന എറണാകുളം റേഞ്ച് ഐജി എംആർ അജിത്കുമാറിന്റെ ഉറപ്പു തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :