ലേബര്‍ റൂമില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

ലേബര്‍ റൂം, ഗര്‍ഭിണി, പ്രസവം, ആശുപത്രി, Missing, Pregnant, Woman, Hospital
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (19:22 IST)
എസ് എ ടി ആശുപത്രിയില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. വര്‍ക്കല മടവൂര്‍ സ്വദേശിനിയായ ഷംന(21)യെയാണ് കാണാതായത്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയ ഷം‌ന ലേബര്‍ റൂമിന് സമീപത്തെ മുറിയിലേക്ക് പരിശോധനകള്‍ക്കായി പോയെങ്കിലും പിന്നീട് തിരികെയെത്തിയില്ല.

ഭര്‍ത്താവ് അന്‍‌ഷാദും മാതാപിതാക്കളും അന്വേഷിച്ചെങ്കിലും ഷം‌നയെ ആശുപത്രിയില്‍ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദാമായ അന്വേഷണത്തില്‍ ഷം‌ന മിസിംഗാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ ബുധനാഴ്ചയാണ് ഷം‌നയുടെ പ്രസവ തീയതി പറഞ്ഞിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഷം‌ന എങ്ങനെ കാണാതായെന്നതില്‍ ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ പൊലീസിനോ ഒരു വിവരവുമില്ല. ചൊവ്വാഴ്ച രാവിലെ 11.30നാണ് ഷംനയെ ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിനായി അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അവസാനവട്ട പരിശോധനകള്‍ക്കായി ലേബര്‍ റൂമിന് സമീപത്തെ മുറിയിലേക്ക് പോകുകയായിരുന്നു. അവിടെനിന്നാണ് ഷം‌നയെ കാണാതായതെന്നാണ് വിവരം.

പരിശോധനയ്ക്കായി ഷം‌ന പോയതോടെ മുറിക്ക് പുറത്ത് ഭര്‍ത്താവും ബന്ധുക്കളും കാത്തുനില്‍‌ക്കുകയായിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷവും ഷംന തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് ഷം‌നയെ കാണാനില്ലെന്ന് മനസിലായത്.

ഷം‌നയെ കണ്ടിട്ടില്ലെന്ന് ഡോക്ടര്‍മാരും നഴ്സുമാരും അറിയിച്ചതോടെ ഏവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ആശുപത്രിയുടെ മുക്കും മൂലയും അരിച്ചുപെറുക്കി. ഷം‌നയെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ഡ് ഓഫ് ആണെന്ന അറിയിപ്പാണ് ലഭിച്ചത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ നിര്‍ണായകമായി സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. 12 മണിക്ക് ഷം‌ന ആശുപത്രിക്ക് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വൈകുന്നേരം അഞ്ചേകാലോടെ ഷം‌നയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഫോണിലേക്ക് കോള്‍ എത്തി. അന്‍‌ഷാദ് ഫോണ്‍ എടുത്തെങ്കിലും മറുതലയ്ക്കല്‍ നിന്ന് ശബ്‌ദമൊന്നുമുണ്ടായില്ല. ഉടന്‍ തന്നെ കട്ട് ആവുകയും ചെയ്തു. അഞ്ചരയോടെ ബന്ധുവായ സ്ത്രീയുടെ ഫോണിലേക്ക് ഷം‌നയുടെ ഫോണില്‍ നിന്ന് കോള്‍ എത്തി. ‘ഞാന്‍ സേഫാണ്, പേടിക്കേണ്ട’ എന്നുമാത്രം പറഞ്ഞ് കോള്‍ കട്ട് ആവുകയും ചെയ്തു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുമാരപുരം, ഏറ്റുമാനൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഷം‌നയുടെ ഫോണിന്‍റെ സാന്നിധ്യം കണ്ടെത്തി. എറണാകുളം നോര്‍ത്ത് റെയില്‍‌വെ സ്റ്റേഷനില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതുകണ്ടതായി ചിലര്‍ പൊലീസിനെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :