1,022 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ്

തിരുവനന്തപുരം| JJ| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (18:25 IST)
അതീവ പ്രശ്‌ന ബാധിതമായി പൊലീസ് കണ്ടെത്തിയ 1,315 പോളിംഗ് ബൂത്തുകളുടെ പട്ടികയില്‍ 1,022 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. വെബ് കാസ്റ്റിംഗിനുളള പശ്ചാത്തല സൗകര്യമുണ്ടെന്ന് ബി എസ് എന്‍ എല്‍ അധികാരികള്‍ അറിയിച്ച ബൂത്തുകളിലാണിത്. ശേഷിച്ച ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി.

പോളിംഗ് ദിവസം വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിന് ബൂത്ത് ഒന്നിന് 4,000 രൂപ നിരക്കാണ് നിശ്ചയിച്ചിട്ടുളളത്. ജില്ല തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും ജില്ല പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും ചേര്‍ന്ന് കണ്ടെത്തുന്ന മറ്റ് പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി ഈ നിരക്കില്‍ കമ്മീഷന്റെ ചെലവില്‍ ഏര്‍പ്പെടുത്തും.

രാഷ്‌ട്രീയകക്ഷികളും മറ്റ് സംഘടനകളും സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെടുന്ന ബൂത്തുകളില്‍ അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതിന് കമ്മീഷന്‍ നിശ്ചയിച്ച തുക മുന്‍കൂറായി ആവശ്യക്കാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെ കെട്ടിവെക്കണം.

വീഡിയോ റിക്കാര്‍ഡിംഗിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ വീഡിയോഗ്രാഫറില്‍ നിന്നും വാങ്ങി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സൂക്ഷിപ്പില്‍ വെക്കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :