കേരള ഹൗസ് മെനുവിൽ തുടർന്നും പോത്തിറച്ചി ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

കേരള ഹൗസ് റെയ്‌ഡ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ഡല്‍ഹി പൊലീസ് , ബീഫ്
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2015 (13:19 IST)
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ പൊലീസ് റെയ്‌ഡ് നടത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ തീരുമാനം. കേരള ഹൗസ് മെനുവിൽ തുടർന്നും ബീഫ് ഉൾപ്പെടുത്തും.

ജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താന്‍ മനപൂര്‍വം സൃഷ്ടിച്ച പ്രശ്നമാണിത്. ആരെയൊക്കയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ പശുമാംസം വില്‍ക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ പോത്തിറച്ചിക്ക് ഇത് ബാധകമല്ല. നിരോധനം ഏര്‍പ്പെടുത്താത്ത വസ്തുക്കള്‍ കേരള ഹൌസില്‍ ഇനിയും നല്കുമെന്നും അതിനു ആരുടെ അനുവാദവും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഡല്‍ഹി പോലീസ് സമ്മതിച്ചിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിശാലമനസ് കാണിക്കുമായിരുന്നു. എന്നാല്‍ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് ഡല്‍ഹി പോലീസ് സ്വീകരിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി അറിഞ്ഞ ശേഷം വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ബീഫ് വിളമ്പുന്നുവെന്ന പരാതി ലഭിച്ചപ്പോള്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ പോലും ഡല്‍ഹി പൊലീസ് മുതിര്‍ന്നില്ല. കേരള ഹൗസിലുണ്ടായ സംഭവങ്ങൾ കേന്ദ്ര സർക്കാർ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ പൊലീസ് റെയ്‌ഡ് നടത്തിയ നടപടിക്കെതിരെ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഗൂഢ ശ്രമമാണ് റെയ്ഡിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :