പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ കൂടുതൽ അറസ്റ്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജനുവരി 2025 (14:03 IST)
പത്തനംതിട്ടയില്‍ 18കാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്‍നം 39 ആയി. വൈകീട്ടോടെ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് 11 പേരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇലവും തിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പത്തനംതിട്ട,പന്തളം,മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ റാന്നി മന്ദിരം പടി,പത്തനംതിട്ട ജനറല്‍ ആശുപത്രി,തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തി പലരും പീഡിപ്പിച്ചു. പ്രദേശവാസിയായ പി ദീപുവാണ് മന്ദിരം പടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളെയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട് ഫോണ്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങള്‍ സൈബര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :