Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യയെന്ന് മകൻ

Neyyattinkara Samadhi
അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജനുവരി 2025 (12:13 IST)
Neyyattinkara Samadhi
നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാം മൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിയുമായി വന്നിരിക്കുന്നതെന്നും ബന്ധുക്കള്‍ക്കാര്‍ക്കും തന്നെ പരാതിയില്ലെന്നും സുലോചന പറയുന്നു. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും എഴുന്നേറ്റ് നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു.

അതേസമയം കളക്ടര്‍ ഉത്തരവ് ലഭിച്ചാല്‍ പോലീസ് ഇന്ന് സമാധി തുറന്ന് പരിശോധിക്കും. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പോലീസ് പൂര്‍ത്തിയാക്കി. നിലവില്‍ നെയ്യാറ്റിന്‍കര ആറാം മൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍ക്യ പരാതിയിലാണ് കേസ്. അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. സമാധി തുറക്കാനാവില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.


ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നുവെന്നും അടുത്ത ബന്ധുവിന്റെ മൊഴിയുണ്ട്. വീട്ടുകാരുടെയും ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിലാണ് പോലീസിന് മുന്നിലുള്ളത്. അതേസമയം ഗോപന്‍ സ്വാമിയെ അപായപ്പെടുത്തിയതായാണ് നാട്ടുകാരുടെ പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :