പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ രാജ്യസഭ എം പി ആയേക്കും

PV Anvar
PV Anvar
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 13 ജനുവരി 2025 (10:27 IST)

PV Anvar
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍
എംഎല്‍എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷവുമായി തെറ്റിപിരിഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക അംഗത്വം എടുത്തത്. അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം പി സ്ഥാനം വാഗ്ദാനം ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.

പിണറായി വിജയനെതിരെയും പോലീസിലെ ഉന്നതര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച് യുദ്ധപ്രഖ്യാപനം നടത്തിയ ശേഷമാണ് അന്‍വര്‍ ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 2011ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടത് സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് രാഷ്ട്രീയത്തില്‍ അന്‍വര്‍ വരവറിയിച്ചത്. അന്ന് അന്‍വറിന്റെ ശക്തി മനസിലാക്കിയ ഇടതുപക്ഷം 2016ല്‍ നിലമ്പൂര്‍ പിടിച്ചടക്കാനുള്ള ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് അടക്കിഭരിച്ച നിലമ്പൂരില്‍ 2016ല്‍ വിജയിച്ച അന്‍വര്‍ 2021ലും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.


2016ല്‍ നിന്നും 2021ല്‍ എത്തുമ്പോള്‍ വോട്ട് ചോര്‍ച്ചയുണ്ടായെങ്കിലും വിജയം നിലനിര്‍ത്താന്‍ അന്‍വറിന് സാധിച്ചിരുന്നു. എഐസിസി അംഗവും എടവണ്‍ന പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെഎസ്യു - എസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ വയനാട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായും 2019ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയിലും ലോകസഭ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :