സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (12:47 IST)
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സൈ്വരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കും. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്‌മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുക. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക.