മൂന്നാർ ഹർത്താലിനിടെ സംഘർഷം; ടാക്സി ഡ്രൈവർക്ക് ക്രൂരമർദ്ദനം, പ്രതിഷേധക്കാരെ തടയാതെ പൊലീസ്

മൂന്നാർ ഹർത്താൽ സംഘർഷഭരിതമായി; കൈയ്യുംകെട്ടി പൊലീസ്

aparna| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (09:18 IST)
ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ സംഘർഷഭരിതമായി. ഹർത്താലിനിടെ വ്യാപക ആക്രമം. വിനോദസഞ്ചാരികളുമായി എത്തിയ ടാക്‌സി ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. പള്ളിവാസല്‍ സ്വദേശി കുട്ടനാണ് മര്‍ദ്ദനമേറ്റത്.

ടാക്സി ഡ്രൈവറെ മർദ്ദിച്ചതിനൊപ്പം വിനോദസഞ്ചാരികള്‍ക്കു നേരെ അസഭ്യവര്‍ഷവും നടന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടത്. ഹർത്താലിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയവരെ തടയാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ പൊലീസ് തയ്യാറായില്ല.

മൂന്നാര്‍ മേഖലയിലെ പത്തു പഞ്ചായത്തുകളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സിപിഐഎം നേതൃത്വം നല്‍കുന്ന മൂന്നാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണ് സിപിഐഎം ഹര്‍ത്താല്‍ നടത്തുന്നതെന്നാരോപിച്ച് സിപിഐയും കോണ്‍ഗ്രസ്സും ഹര്‍ത്താലില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. മൂന്നാറില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ റവന്യൂ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നാണ് ഹര്‍ത്താൽ അനുകുലികൾ വാദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :