തിരുവനന്തപുരം പടക്കളം; സഭയ്ക്കുള്ളില്‍ മന്ത്രിമാരും പ്രതിപക്ഷവും, പുറത്ത് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍

തിരുവനന്തപുരം| Last Updated: വ്യാഴം, 12 മാര്‍ച്ച് 2015 (20:21 IST)
ധനമന്ത്രി കെ എം മാണി നിയമസഭയ്ക്കുള്ളില്‍ തന്നെ തങ്ങുകയാണ്. ധനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും എംഎല്‍എമാരും ഇന്ന് നിയമസഭയിലാണ് തങ്ങുന്നത്.
നേരത്തെ മാണി ഔദ്യോഗിക വസതിയില്‍ നിന്ന് തന്നെയെത്തി ബജറ്റ് അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. മാണിക്ക് തങ്ങാനായി നിയമസഭാ മന്ദിരത്തിലെ 610 -ആം നമ്പര്‍ മുറിയാണ് ഒരുക്കിയിരിക്കുന്നത്. മാണിയുടെ സ്റ്റാഫും നിയമസഭയിലാണ് തങ്ങുക. പ്രതിപക്ഷവും നിയമസഭ മന്ദിരത്തിലാണ് തങ്ങുന്നത്.


എല്‍ ഡി എഫ് ഘടകകക്ഷികളെ കൂടാതെ യുവമോര്‍ച്ചയും നിയമസഭ വളയാന്‍ തീരുമാനിച്ചതിനാല്‍ മസ്കറ്റ് ഹോട്ടലിലേക്കും എം.എല്‍.എ ഹോസ്റ്റലിലേക്കും പി.എം.ജി യിലേക്കുമുള്ള റോഡുകള്‍ ഉപരോധിച്ച് നിയമസഭ വളയാനാണു എല്‍ഡിഎഫ് തീരുമാനം.

അതേ സമയം പാളയത്തു നിന്ന് നിയമസഭയിലേക്കുള്ള റോഡ് കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്താനാണു യുവമോര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. ഉപരോധത്തെത്തുടര്‍ന്ന് നിയമസഭാ മന്ദിരത്തിനു ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യ വില്‍പ്പന ശാലകള്‍ക്കും നഗരസഭയിലെ 19 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.



അതിനിടെ ഇടതുമുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭാ ഉപരോധത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ആറ് എസ് പിമാരുടെ നേതൃത്വത്തില്‍ 2800 പൊലീസുകാരെയാണ് നിയമസഭാമന്ദിരത്തിന് ചുറ്റിനുമായി വിന്യസിച്ചിരിക്കുന്നത്. സമരക്കാര്‍ അക്രമാസക്തരായാല്‍ അതിനെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് പൊലീസെന്ന്എ ഐ ജി വ്യക്തമാക്കി. വൈകുന്നേരം 4 മണിക്ക് യുവമോര്‍ച്ച സമരം ആരംഭിച്ചു. ഡി വൈ എഫ് ഐയുടെ സമരവും ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :