കൊല നടത്തിയശേഷം രക്ഷപ്പെട്ടത് ഓട്ടോയിലെന്ന് അമീറുല്‍; കൃത്യത്തിനു ശേഷം തന്നെ പലരും കണ്ടിരുന്നുവെന്നും ജിഷയുടെ ഘാതകന്റെ മൊഴി

കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ടപ്പോള്‍ തന്നെ പലരും കണ്ടു

  ജിഷ കൊലക്കെസ് , ജിഷ , പൊലീസ് , അറസ്‌റ്റ് , അമീറുല്‍ ഇസ്ലാം
പെരുമ്പാവൂർ| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (11:09 IST)
ജിഷയെ കൊലപ്പെടുത്തിയശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലാണെന്നു പിടിയിലായ അമീറുൽ ഇസ്‍ലാമിന്റെ മൊഴി. കൊല നടത്തിയ ശേഷം കനാലിലൂടെ റോഡിലേക്ക് കയറുകയായിരുന്നു. ആ സമയം അതുവഴി വന്ന ഓട്ടോയില്‍ കയറില്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും അമീറുല്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

അമീറിലിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെങ്കിലും പ്രദേശത്തെ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ ഇടയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. വട്ടോളിപ്പടയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ 20ൽ താഴെയെ ഓട്ടോ ഡ്രൈവർമാരുള്ളൂ. ഇവരാരും ഇതുവരെ ഇക്കാര്യം അറിയിച്ചിട്ടില്ല. ശാസ്ത്രീയ മാർഗങ്ങളിലൂടെ ഓട്ടോ ഡ്രൈവറെ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്.

അതേസമയം, കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ടപ്പോള്‍ തന്നെ പലരും കണ്ടിരുന്നതായും അമീറുല്‍ പറയുന്നുണ്ട്. ജിഷയുടെ അയല്‍‌വാസിയായ ഒരാള്‍ പശുവിനെ മേയ്‌ക്കുന്നുണ്ടായിരുന്നു, ഇയാള്‍ തന്നെ കണ്ടിരുന്നുവെന്നും കസ്‌റ്റഡിയിലായ അമീറുല്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

അമീറുല്‍ ഇസ്ലാ തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകുന്നത് തുടരുന്നതിനാല്‍ പൊലീസ് ശ്രദ്ധയോടെയാണ് മുന്നേറുന്നത്. കൊലപാതകത്തിന്റെ യാഥാര്‍ഥ കാരണമോ പ്രേരണയോ സ്ഥിരീകരിക്കാന്‍ ഇതുവരെ മൊഴികളില്‍ നിന്നു പൊലീസിന് സാധിച്ചിട്ടില്ല എന്നതാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്.

ജിഷയോട് പകരം വീട്ടാൻ സുഹൃത്ത് പ്രേരിപ്പിച്ചെന്ന മൊഴി കളവാണെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന്‍ നിന്ന് തെളിഞ്ഞു. അതിനിടെ കൊല നടന്ന ദിവസം പ്രതി അമീറുലിനെ ജിഷയുടെ വീടിനിടുത്ത് കണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചു. അതിനിടെ സംസ്ഥാനത്ത് ഒറ്റയ്ക് താമസിക്കുന്ന സ്ത്രീകള്‍
കൊല്ലപ്പെട്ട കേസുകളുമായി അമീറുലിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

അമീറുലിനെതിരെ അസമിലും പൊലിസ് അന്വേഷണം ശക്തമാക്കി. അതേസമയം, അമീറുലിനെ ജിഷയുടെ വീട്ടില്‍ എത്തിച്ച്
തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ മൊഴികള്‍ മാറ്റി പറയുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :