Rijisha M.|
Last Updated:
ബുധന്‍, 9 മെയ് 2018 (17:28 IST)
പത്തനംതിട്ട: ബംഗളൂരുവിൽ എത്തിയത് ജെസ്‌ന തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സഹോദരൻ ജെയ്‌സൺ ജോൺ ജെയിംസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. പുറത്തുവന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഇന്നു തന്നെ പൊലീസിൽ നിന്നും സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയ്‌സൺ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്. അതിനിടെയാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ജസ്‌നയെ കണ്ടതായുള്ള വാർത്ത പ്രചരിച്ചത്.
ഇതിനെത്തുടർന്ന് പൊലീസ് ബംഗളൂരിൽ എത്തി അന്വേഷണം നടത്തി. ജസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയേയും യുവാവിനെയുമാണ് ബംഗളൂരിൽവച്ചു കണ്ടതെന്നാണ് പൊലീസിനും ബന്ധുക്കൾക്കും വിവരം ലഭിച്ചത്.
ജെയ്സിന്റെ വാക്കുകൾ:
'' ബംളൂരുവില്‍ നിന്നു ലഭിച്ച വിവരം ഞങ്ങൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതു ജസ്നയാണോ അല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ വിവരത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ ലഭിക്കുകയുള്ളു. ഇന്നു തന്നെ പൊലീസിൽ നിന്നും ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ. അവൾക്കു വേണ്ടി പ്രാർത്ഥിക്കണം''
യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതായും ഇവർ ബംഗളൂരുവിനടുത്ത് ആശുപത്രിയിൽ ചികിൽസ തേടിയെന്നുമാണ് ലഭ്യമായ വിവരം. അവിടെയുള്ള
ആശ്വാസ ഭവനിൽ ഇവർ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നൽകുമോയെന്ന് അവിടത്തെ മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ബംഗളൂരുവിലുള്ള ആന്റോ ആന്റണി എംപിയും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. സ്ഥിരീകരണമുണ്ടായാൽ ബംഗളൂരുവിലേക്കു തിരിക്കാൻ തയാറായിരിക്കണമെന്ന് ജസ്നയുടെ വീട്ടുകാർക്കു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.