ബാഗ്ദാദ്|
Last Modified ശനി, 5 ജൂലൈ 2014 (07:33 IST)
നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഇറാഖിലെ ഇര്‍ബനില്‍ നിന്ന് മലയാളി നഴ്സുമാരുമായി വിമാനം പുറപ്പെട്ടു. ഇന്ത്യന്‍ സമയം 4:05നാണ് വിമാനം പുറപ്പെട്ടത്, മുംബൈയില്‍ 9:05ന് എത്തുന്ന വിമാനം 11:55ന് കൊച്ചിയിലെത്തും. 45 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിനിയുമാണ് സംഘത്തിലുള്ളത്. കേരള ഹൗസ് അഡീ റസിഡന്റ് കമ്മീഷണര്‍ രചനാ ഷാ കേരളത്തിന്റെ പ്രതിനിധിയായി ഇവര്‍ക്കൊപ്പമുണ്ട്.
ഇറാഖില്‍ നിന്നും മടങ്ങിവരുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരം എസ്‌യുടിയില്‍ ജോലി നല്‍കുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു. നഴ്‌സുമാര്‍ക്ക് ജോലിവാഗ്ദാനവുമായി എന്‍എംസി ഗ്രൂപ്പ് ഉടമ ബി.ആര്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇറാഖിനുള്ളിലും പുറത്തുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരമ്പരാഗത നയതന്ത്ര പ്രശ്‌നപരിഹാര ശ്രമങ്ങളല്ല നടന്നതെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ലെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്‍ബറുദ്ദീന്‍ അറിയിച്ചു.
കുര്‍ദ്ദിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും നഴ്‌സുമാരെ എംബസിയുടെ വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. നഴ്‌സുമാരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയ വിവരം
റെഡ് ക്രസന്റ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. രണ്ട് നയതന്ത്ര പ്രതിനിധികള്‍ നഴ്‌സുമാര്‍ക്കൊപ്പം വിമാനത്തിലുണ്ട്.