‘ഘര്‍ വാപസി‘ക്ക് വെള്ളാപ്പള്ളിയുടെ പിന്തുണ

ഘര്‍ വാപസി, സംഘ പരിവാര്‍, വെള്ളാപ്പള്ളി
ആലപ്പുഴ| VISHNU.NL| Last Updated: ബുധന്‍, 24 ഡിസം‌ബര്‍ 2014 (12:46 IST)
ദേശീയ തലത്തില്‍ വിവാദമായ സംഘപരിവാറിന്റെ ഘര്‍വാപസി എന്ന പുനര്‍ മതപരിവര്‍ത്തന പദ്ധതിക്ക് എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പളി നടേശന്റെ പിന്തുണ. മതപരിവര്‍ത്തനത്തെ അനുകൂലിച്ച് വെള്ളാപ്പള്ളി രംഗത്തെത്തുകയായിരുന്നു. മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരിച്ചുവരുന്നതില്‍ എന്താണ് തെറ്റെന്നാണ് വെള്ളപ്പള്ളി ചോദിക്കുന്നത്.

അറിവില്ലായ്‍മയും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് പലരും മതപരിവര്‍ത്തനത്തിന് തയ്യാറാകുന്നത്. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ ആത്മാര്‍ത്ഥത കാട്ടാത്ത രാഷ്‍ട്രീയനേതാക്കളുടെ പ്രസ്‍താവനയെ തള്ളുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ടിപ്പു സുല്‍ത്താന്റെ കാലം മുതല്‍ രാജ്യത്ത് മതപരിവര്‍ത്തനമുണ്ടെന്നും വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു.

സംഘപരിവാറിന്റെ പദ്ധതിയെ കേരളത്തിലെ പ്രബല സമുദായ നേതാവ് പിന്തുണയ്ക്കുന്നത് ഇത് ആദ്യമായാണ്. കേരളത്തിലെ ഹിന്ദു സമുദായങ്ങളില്‍ സംഘപ്രിവാര്‍ സ്വാധീനം ചെലുത്തുന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനേ കാണുന്നത്. വരും ദിനങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് മാത്രമല്ല ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സംഘപരിവാറിന് കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്യും.

അതേ സമയം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത് നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തന ചടങ്ങായ ഘര്‍വാപ്പസിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഇടപെടലിന്റെ ആവശ്യം ഇപ്പോഴില്ല. അത് വേണ്ടി വന്നാല്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഘര്‍വാപ്പസിയില്‍ അഭിപ്രായം പറഞ്ഞത്.

ഇത്തരം വിവാദങ്ങളില്‍ നിന്ന് കേരളം എന്നും അകന്നു നിന്നു. എല്ലാ വിഭാഗം ആളുകളും ഉയര്‍ന്ന ചിന്താഗതിക്കാരാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരു കാലത്തും കേരളത്തില്‍ നടന്നിട്ടില്ല. ഇപ്പോഴും അത് നടക്കുന്നില്ല. കേരളത്തിലെ നല്ല സാമൂഹികാന്തരീക്ഷം തുടരണം. അത് തുടരുമെന്ന് ഉറപ്പുമുണ്ട്. സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതിനിടെ കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന വാര്‍ത്ത ഗൗരവമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാനുസൃതമായി ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.എന്നാല്‍ അതേസമയം, ആലപ്പുഴയിലും കൊല്ലത്തും നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും വിശദീകരിച്ചിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് സംസ്ഥാനത്തും മതപരിവര്‍ത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിഎച്ച്പിയുടെ ധര്‍മ്മ പ്രചാര്‍ എന്ന ഘടകമാണ് ഇതിന് പിന്നില്‍. ഇതിന്റെ പ്രവര്‍ത്തനങ്ങളെ ഹിന്ദു ഹെല്‍പ്പ് ലൈനാണ് ഏകോപിപ്പിക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇതിന്റെ വൈബ് സൈറ്റിലുണ്ട്. നിര്‍ബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദു ധര്‍മ്മത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ട എല്ലാവര്‍ക്കും തിരിച്ച് ഹിന്ദു ധര്‍മ്മത്തിലേക്ക് വരുവാനുള്ള അവസരമാണ് ഇതെന്നാണ് ഹിന്ദു ഹെല്‍പ് ലൈന്‍ പറയുന്നത്. വാട്‌സ് അപ്പ് പോലുള്ള സോഷ്യല്‍ മീഡിയ വഴിയും കേരളത്തില്‍ ഘര്‍ വാപ്പസിയുടെ പ്രചാരണം നടക്കുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :