ഘര്‍ വാപസി; രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (13:08 IST)
ഹിന്ദു സംഘടനകളുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തെ തുടര്‍ന്ന്‌ 12 മണിവരെ നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന്‌ കൂട്ടു നില്‍ക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്‌പീക്കര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ബഹളം.

എന്‍ കെ പ്രേമചന്ദ്രന്‍ ഉയര്‍ത്തിയ ആവശ്യം ചോദ്യോത്തര വേളയ്‌ക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന്‌ സ്‌പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ സമ്മതിച്ചില്ല. സര്‍ക്കാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മ്മ ആവശ്യപ്പെട്ടു. ഇടതുപക്ഷാംഗങ്ങളും മതപരിവര്‍ത്തനത്തില്‍ പിടിച്ച്‌ സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ശബ്‌ദമുയര്‍ത്തി.

അതേസമയം ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും പ്രധാന മന്ത്രിക്കു പകരം ആഭ്യന്തര മന്ത്രി മറുപടി പറയുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതംഗീകരിക്കാതെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. പ്രശ്നത്തിന്റെ ഗൌരവം മനസിലക്കാതെ പ്രതിപക്ഷമാ‍ണ് വിഷയത്തില്‍ നിന്ന് ഒളിച്ചൊടുന്നതെന്ന് വെങ്കയ്യ നായിഡു സഭയില്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രതികരിച്ചേക്കുമെന്ന് സൂചനകളുണ്ട്.

കേരളത്തിലേയും ഗുജറാത്തിലേയും ഘര്‍വാപസി ചടങ്ങുകളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതേസമയം ഘര്‍ വാപസിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസന്തുഷ്ടി പ്രകടിപ്പിച്ചതായാണ് സൂചന. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ അര്‍നെയ് ഗ്രാമത്തില്‍ 500 ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തിയ വാര്‍ത്ത വിവാദമായതോടെയാണ് മോഡി തന്റെ അതൃപ്തി ആര്‍‌എസ് നേതൃത്വത്തേയും
വി‌എച്‌പിയേയും അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് ഘര്‍ വാപസി താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്‍കി. രാജ്യമെമ്പാടുമുള്ള വി.എച്ച്.പി പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ വാക്കാലാണ് നിര്‍ദേശം നല്‍കിയത്.എന്നാല്‍ പുതിയ നിര്‍ദേശം ഇറക്കുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ലെന്ന് വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പ്രതികരിച്ചു. മധ്യപ്രദേശില്‍ മറ്റ് മതങ്ങളിലേക്ക് പോയ ആറ് ലക്ഷം ഹിന്ദുക്കള്‍ ഞായറാഴ്ച തിരികെയെത്തിയെന്നാണ് വി.എച്ച്.പി അവകാശപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :