എടപ്പാൾ പീഡനം; പൊലീസിൽ വീണ്ടും ഒത്തുകളി

എടപ്പാൾ പീഡനം; പ്രതിയ്‌ക്കെതിരെ ദുർബല വകുപ്പുകൾ

എടപ്പാൾ| Rijisha M.| Last Modified തിങ്കള്‍, 14 മെയ് 2018 (17:57 IST)
മലപ്പുറത്തെ പീഡനത്തിൽ പ്രതി മൊയ്‌തീങ്കുട്ടിക്കെതിരെ ശിശുക്ഷേമസമിതി നിർദ്ദേശിച്ച വകുപ്പ് ചേർത്തിട്ടില്ലെന്ന് ആക്ഷേപം. പോക്സോ 5 (എം) വകുപ്പ് ഒഴിവാക്കി, പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തു. ഇത് ഈ കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി അഭിപ്രായപ്പെട്ടു.

ഇതേ ആവശ്യമുന്നയിച്ച് ശിശുക്ഷേമ സമിതി വീണ്ടും പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസിന്റെ തുടക്കം മുതൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാക്കിയ അനാസ്ഥ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എല്ലാ തെളിവുകളും കൈയിൽ കിട്ടിയിട്ടും കേസെടുക്കാനും പ്രതികളെ തിരയാനും ശ്രമിക്കാത്ത നിലപാടായിരുന്നു പൊലീസിന്റേത്. ഇതിന്റെ പേരിൽ എസ്ഐക്ക് സസ്‌പെൻഷനും ലഭിച്ചിരുന്നു, കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിട്ടുവീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് പുതിയ വിട്ടുവീഴ്‌ച ഉണ്ടായത്.

കൂടാതെ പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ രംഗത്തെത്തിയിരുന്നു. ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെയാണെന്നുള്ള ധാരണ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. പൊലീസിന്റെ അന്തസ്സിന് ദോഷമുണ്ടാക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും ഇങ്ങനെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ സേനയ്‌ക്ക് മുഴുവൻ അപമാനമുണ്ടാക്കുമെന്നും സ്‌ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കാൻ പൊലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം എസ് പി ക്യാമ്പിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :