അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടിയ മകന് പൊലീസിന്റെ ഭീഷണി

അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടിയ മകന് പൊലീസിന്റെ ഭീഷണി

കൊടുങ്ങല്ലൂർ| Rijisha M.| Last Updated: തിങ്കള്‍, 14 മെയ് 2018 (12:04 IST)
മനോദൗർബല്യമുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച മകനെതിരെ കേസെടുക്കുമെന്ന് പൊലീസിന്റെ ഭീഷണി. മതിലകം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

പ്രതിയെ പൊലീസ് വിട്ടയച്ചെങ്കിലും ജനകീയ പ്രതിഷേധം ഉയർന്നതോടെ കസ്‌റ്റഡിയിലെടുത്തു. ശ്രീനാരായണപുരം പത്താഴക്കാട് തരുപീടികയിൽ ജബ്ബാറി(50)നെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാവിലെ 3.45-ന് ശ്രീനാരായണപുരം പതിനഞ്ചാം വാർഡിൽ നെല്ലിപ്പഴി റോഡിലെ വീട്ടിലാണ് പീഡനശ്രമം നടന്നത്. ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. മാതാവിനെ ഒരാൾ പതിവായി ശല്ല്യപ്പെടുത്തുന്നതായി നാട്ടുകാരിൽ നിന്ന് വിവരംകിട്ടിയ മകൻ മൂന്ന് ദിവസമായി വീടിന് കാവൽ നിൽക്കുകയായിരുന്നു. ഇതറിയാതെ ജബ്ബാർ വീട്ടിൽ കയറുകയും സ്‌ത്രീയെ കടന്നുപിടിക്കുകയും ചെയ്‌തതോടെയാണ് മകൻ ഇയാളെ പിടികൂടിയത്. തുടർന്ന് പരാതി നൽകിയെങ്കിലും കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയയ്‌ക്കുകയും മകനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

വീട്ടുമുറ്റത്തെ പിടിവലിക്കിടെ ജബ്ബാറിനേറ്റ മുറിവിന്റെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുക്കേണ്ടിവരുമെന്നാണ് പൊലീസ് മകനെ ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകനായ ജബ്ബാർ വെമ്പല്ലൂർ സഹകരണ ബാങ്ക് പത്താഴക്കാട് ശാഖയിലെ വാച്ച്‌മാനാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :