മൊഴിയിൽ വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മകനെ കൊലപ്പെടുത്തിയത് പൊലീസിന് വിശദീകരിക്കുമ്പോൾ ജയയുടെ മുഖത്ത് യാതോരു ഭാവവ്യത്യാസവും ഇല്ലായിരുന്നു

aparna| Last Modified വെള്ളി, 19 ജനുവരി 2018 (09:36 IST)
കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്ക് പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കുക. അതേസമയം, ജയമോൾ നൽകിയ മൊഴി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ പതിനാലുകാരന്റെ അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായും വ്യക്തമായി.

ജയമോളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്.

പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുവന്നപ്പോൾ കൂടിനിന്ന നാട്ടുകാരിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :