പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എഡിജിപി സന്ധ്യയെ മാറ്റി, പത്മകുമാർ ഇനി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണർ

പൊലീസ് തലപ്പത്ത് നിന്ന് ബി. സന്ധ്യയേയും ഐജി വിജയനേയും മാറ്റി

aparna| Last Modified വെള്ളി, 19 ജനുവരി 2018 (08:07 IST)
സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി ആരംഭിച്ചു. ദക്ഷിണാമേഖല എഡിജിപി ബി.സന്ധ്യയേയും എറണാകുളം റേഞ്ച് ഐ.ജി പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണമേഖല എഡിജിപി സ്ഥാനത്തേക്ക് അനില്‍കാന്തിനെ നിയമിച്ചു. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടപടി നേരിട്ട എഡിജിപി കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാക്കി.

ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടര്‍ന്ന ബി. സന്ധ്യയെ മാറ്റിയതാണു പുതിയ അഴിച്ചുപണിയില്‍ ഏറെ ശ്രദ്ധേയമായ മാറ്റം. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സന്ധ്യയായിരുന്നു. സംഭവത്തില്‍ നടിയുടെ മൊഴി ആദ്യമെടുത്ത ഉദ്യോഗസ്ഥനാണ് ഐജി പി.വിജയന്‍. പി.വിജയനെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഐ.ജിയായിട്ടാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്.

പിണറായി സര്‍ക്കാർ അധികാരത്തിലെത്തിയശേഷം വിവാദമായിരുന്ന പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിലും മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. പൊലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്താണു സന്ധ്യയെ നിയമിച്ചിരിക്കുന്നത്. സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :