കണ്ണൂർ|
jibin|
Last Modified ശനി, 27 ജനുവരി 2018 (12:41 IST)
സിപിഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ലോകത്തിലെ വന്‍ ശക്തിയായി വളരുന്ന ചൈനയെ തകർക്കാൻ ശ്രമം നടക്കുകയാണ്. സാമ്പത്തിക രാജ്യമായ ചൈനയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വിശാലമായ സൈനികസഖ്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
ചൈനയ്‌ക്കെതിരെ തിരിഞ്ഞ അമേരിക്കയ്‌ക്കെതിരേയും വിവിധ മേഖലകളിൽ സഖ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ അനുകൂലിക്കുന്ന ഇന്ത്യയുടെ നടപടി ഖേദകരമാണെന്നും സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
അമേരിക്ക നടത്തുന്ന നീക്കത്തിന് അനുകൂലമായ നിലപാടാണ്
ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കിയെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയിൽ നയവ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യതിയാനങ്ങൾക്കുള്ള ചെറുത്തുനിൽപായിട്ടാണു സിപിഎം ഉണ്ടായത്. ജനാധിപത്യം പൂർണമായും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. എത്ര പാർട്ടികളിൽ ഇന്ന് സമ്മേളനവും തെരഞ്ഞെടുപ്പും ഉണ്ടെന്നും പിണറായി ചോദിച്ചു.
രാജ്യത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു. തൊഴിലുറപ്പുപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും ജനജീവിതം ദുസ്സഹമാക്കിയപ്പോള്‍ ആർഎസ്എസ് വർഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും പിണറായി ആരോപിച്ചു.