ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ്

ചന്ദ്രബോസ് വധക്കേസ് , മുഹമ്മദ് നിസാം , അമല്‍ ,  പ്രോസിക്യൂഷന്‍
തൃശൂര്‍| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (11:10 IST)
ചന്ദ്രബോസ് വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ്. പ്രോസിക്യൂഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അമലിന് വിചാരണകോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. ചന്ദ്രബോസ് വധക്കേസില്‍ ഒരാഴ്ച്ചയ്ക്കകം വിചാരണ പൂര്‍ത്തിയാക്കുമെന്നും നവംബര്‍ മുപ്പതിനകം വിധിപറയാനാവുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ചന്ദ്രബോസ് വധക്കേസില്‍ 11ആം സാക്ഷിയായിരുന്നു നിസാമിന്റെ ഭാര്യ അമല്‍. പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെയാണ് രഹസ്യമൊഴിക്ക് വിരുദ്ധമായ സമീപനം അമല്‍ സ്വീകരിച്ചത്. ചന്ദ്രബോസിന്റേത് അപകടമരണമെന്ന രീതിയിലായിരുന്നു അമലിന്റെ മൊഴി.
കൂറുമാറിയതിനും കള്ള സാക്ഷി പറഞ്ഞതിനും കേസെടുക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണ് അമലിനെതിരെ കേസെടുത്തത്. കേസിന്റെ വിചാരണയ്ക്കായി കോടതി നിശ്ചയിച്ചിരുന്ന കാലാവധി ഇന്നലെ അവസാനിച്ചു.

അമലിന്റെ കൂറുമാറ്റം കേസിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ 111 സാക്ഷികളുണ്ടെങ്കിലും പ്രധാന സാക്ഷികളെ മാത്രമാണ് വിസ്തരിച്ചിട്ടുള്ളത്. കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന സാക്ഷികളെ കൂടി വരും ദിവസങ്ങളില്‍ വിസ്തരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :