പരാതി വ്യാജം; ഫ്രാങ്കോ മുളയ്‌ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

പരാതി വ്യാജം; ഫ്രാങ്കോ മുളയ്‌ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി| Rijisha M.| Last Updated: ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (11:08 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ബുധനാഴ്‌ച ഹർജി പരിഗണിക്കണമെന്ന് അദ്ദേഹം ആദ്യം പറഞ്ഞത്.

എന്നാൽ, ബുധനാഴ്‌ച അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാരജാകേണ്ടതുകൊണ്ട് അടിയന്തര സ്വഭാവം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതേത്തുടർന്ന്, ഉച്ചയ്ക്ക് 1.45 ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ അറിയിച്ചു.

ആരോപണം ഉന്നയിച്ച കന്യാസ്‌ത്രീയ്ക്ക് വ്യക്തിപരമായ വിരോധമുണ്ടെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. 'കന്യാസ്‌ത്രീ മഠത്തിലെ സ്‌ഥിരം ശല്യക്കാരിയായിരുന്നു. പലപ്പോഴും ഞാൻ അവരെ ശാസിച്ചിട്ടുണ്ട്. തനിക്കെതിരെ നൽകിയ പരാതി കള്ളമാണെ'ന്നും ഫ്രാങ്കോ പറയുന്നു.

ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി താൻ സഹകരിക്കുമെന്നും എന്നാൽ അറസ്‌റ്റ് ഒഴിവാക്കണമെന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു.

അതേസമയം, ബുധനാഴ്‌ച രാവിലെ പത്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ഫ്രാങ്കോ മുളയ്‌ക്കൽ കേരളത്തിലേക്ക് തിരിച്ചുവെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :