ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ക്രൈം‌ബ്രാഞ്ച് ഓഫീസിൽ ഹാജരായി; ചോദ്യം ചെയ്യൽ ഉടൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ ക്രൈം‌ബ്രാഞ്ച് ഓഫീസിൽ ഹാജരായി; ചോദ്യം ചെയ്യൽ ഉടൻ

കോട്ടയം| Rijisha M.| Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (11:35 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി. രാവിലെ പതിനൊന്നിന് തൃപ്പൂണിത്തറ ക്രൈം‌ബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് ഹാജരായത്. രാവിലെ പത്തിന് ഹാജരാകണമെന്നായിരുന്നു ബിഷപ്പിന് കിട്ടിയ നിർദ്ദേശമെങ്കിലും പതിനൊന്നിനാണ് ഫ്രാങ്കോ മുളയ്‌ക്കൽ എത്തിയത്.

തൃപ്പൂണിത്തുറയിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറയിലാകും ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുക. അതേസമയം, തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ സുരക്ഷ ശക്തമാക്കി. അന്വേഷണ സംഘവും കോട്ടയം എസ് പി ഹരിശങ്കറും കൊച്ചിയിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തി.

തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനാണ് പ്ലാൻ. അതേസമയം, ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്.

ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതിന്റെ വിധി ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് അനിവാര്യമെങ്കിൽ നടത്താനുള്ള അനുമതിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :