201 പവന്‍ മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം തട്ടി

ബത്തേരി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
25 രസീതുകളിലായി 201 പവനോളം മുക്കുപണ്ടം പണയം വച്ചു 30 ലക്ഷം രൂപ തട്ടിയെടുത്തു. പൂതാടി സര്‍വീസ്‌ സഹകരണ ബാങ്കിന്റെ പാപ്ലശ്ശേരി ശാഖയില്‍ നിന്നു 201പവന്‍ സ്വര്‍ണാഭരണങ്ങളുടെ പേരിലാണ്‌ മുക്കുപണ്ടം ഉപയോഗിച്ച്‌ തട്ടിപ്പ്‌ നടത്തിയത്. സെയ്തലവി എന്നയാള്‍ പരിചയക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം നല്‍കി പണയം വെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന.

മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന്‌ ആരോപണമുയര്‍ന്ന പാപ്ലശ്ശേരി സ്വദേശിയായ സെയ്‌തലവി, ജോസ്‌ മുല്ലക്കര, ഹുസൈന്‍, ഫര്‍ണിച്ചര്‍ പണിക്കാരനായ ഷിബു, ഒഴുകയില്‍ കോമള, ശ്രീഭവനത്തില്‍ രാധ, ഒഴുകയില്‍ വത്സ, പാത്തുമ്മ, അയൂബ്‌, ഷിബു, ജയപ്രകാശ്‌, റസീന, സുനില്‍കുമാര്‍, മജീദ്‌, ഫാത്തിമ, പ്രമോദ്‌ എന്നിവരടക്കം 25 പേരുടെ പേരില്‍ പൊലീസ്‌ കേസെടുക്കും.

കൂടുതല്‍ പേര്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി സംശയിക്കുന്നുണ്ടെന്നും ബാങ്കില്‍ പണയപ്പെടുത്തിയിട്ടുള്ള മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. മുക്കുപണ്ടതട്ടിപ്പ്‌ കേസിലെ സൂത്രധാരനെന്നു കരുതുന്ന സെയ്‌തലവിയെ വ്യാഴാഴ്‌ച രാത്രി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു‌.

സെയ്‌തലവി മറ്റുള്ളവരെക്കൊണ്ട്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. കെട്ടിടം പണിക്കാരനായ സെയ്‌തലവി സഹപ്രവര്‍ത്തകരെക്കൊണ്ടും പരിചയക്കാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടുമാണ്‌ മുക്കുപണ്ടം പണയപ്പെടുത്തിയത്‌. മുക്കുപണ്ടം പണയപ്പെടുത്തി 92,000 രൂപ വായ്‌പയെടുത്ത്‌ സെയ്‌തലവിക്ക്‌ നല്‍കിയ റസീന സെയ്‌തലവിയുടെ ബന്ധുവാണ്‌.

റസീനയുടെ ഭര്‍ത്താവ്‌ ഷംസുദ്ദീന്‍ സെയ്‌തലവിയുടെ കെട്ടിടം പണിക്കാരനാണ്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പാപ്ലശ്ലേരിയില്‍ ഫര്‍ണിച്ചര്‍ തൊഴിലാളി ഷിബു ബാങ്കില്‍ പണയം വയ്‌ക്കാന്‍ ചെന്നപ്പോഴാണ്‌ തട്ടിപ്പിനെക്കുറിച്ചു അധികൃതര്‍ക്ക്‌ വിവരം ലഭിച്ചത്‌. കുറച്ചു സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചു 80,000 രൂപ ബാങ്കില്‍ നിന്നു വായ്‌പ വാങ്ങാനായി സെയ്‌തലവിയാണ്‌ ഷിബുവിനെ ബാങ്കിലേക്ക്‌ പറഞ്ഞുവിട്ടത്‌.

സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ച ബാങ്കിലെ ചില ഉദ്യോഗസ്‌ഥര്‍ ആഭരണങ്ങള്‍ വ്യജമാണെന്ന്‌ കണ്ടെത്തി. ആഭരണങ്ങള്‍ തിരിച്ചുവാങ്ങി ഷിബു സെയ്‌തലവിയെ ഏല്‍പ്പിച്ചു. ആഭരണങ്ങളുടെ പേരില്‍ തന്നെ ഒരു ബന്ധു കബളിപ്പിച്ചതാണെന്ന്‌ പറഞ്ഞ്‌ സെയ്‌തലവി തിരികെപ്പോയി. എന്നാല്‍ ഏഴുമാസം മുമ്പ്‌ സെയ്‌തലവി ഷിബുവിനെ കൊണ്ട്‌ ആഭരണങ്ങള്‍ പണയപ്പെടുത്തി ബാങ്കില്‍ നിന്നു 1,20,000 രൂപ വാങ്ങിയിരുന്നു.

രണ്ടാമത്‌ പണയം വയ്‌ക്കാന്‍ തന്ന ആഭരണങ്ങള്‍ വ്യാജമാണെന്ന്‌ കണ്ടതോടെ ആദ്യം പണയം വച്ച ആഭരണം പരിശോധിക്കാനായി ഷിബു വീണ്ടും ബാങ്കിലെത്തി. ഇതേത്തുടര്‍ന്ന്‌ ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ആ ആഭരണങ്ങളും വ്യജമാണെന്ന്‌ കണ്ടെത്തുകയായിരുന്നു. തട്ടിപ്പ്‌ പുറംലോകമറിഞ്ഞതോടെ കേസില്‍ നിന്നു രക്ഷപ്പെടാനായി ഏതാനും പേര്‍ ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി പണം ബാങ്കില്‍ അടച്ച്‌ മുക്കുപണ്ടം തിരികെ വാങ്ങിക്കൊണ്ടു പോയി.
റസീനയും പണമടച്ച്‌ ആഭരണങ്ങള്‍ തിരികെ വാങ്ങാനെത്തിയെങ്കിലും ആ സമയത്ത്‌ വിവരമറിഞ്ഞ്‌ ബാങ്കിലെത്തിയ ബാങ്ക്‌ പ്രസിഡന്റ്‌ കെ കെ വിശ്വനാഥന്‍ ആഭരണങ്ങളും രസീതും തിരികെ കൊടുക്കാന്‍ തയ്യാറായില്ല. അതെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനും വാക്കേറ്റത്തിനുമൊടുവിലാണ്‌ 35 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയത്‌.

സംഭവത്തില്‍ ബാങ്ക്‌ മാനേജര്‍ സേതുമാധവനെ സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. മാനേജര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്‌ വിശ്വനാഥന്‍ പറഞ്ഞു. തട്ടിപ്പിന്റെ സൂത്രധാരനായ സെയ്‌തലവി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ്‌. സെയ്‌തലവിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :