അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 മെയ് 2024 (17:56 IST)
ഐപിഎല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പടെയുള്ള ടീമുകള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ബിസിസിഐ. ടി20 ലോകകപ്പിന് മുന്‍പ് നടക്കുന്ന പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കുന്നതിനായി ഇംഗ്ലണ്ട് താരങ്ങളെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുന്‍പ് ഇസിബി തിരിച്ചുവിളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരത്തില്‍ തിരിച്ചുവിളിക്കുന്നത്.
എന്നാല്‍ ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളെ ടൂര്‍ണമെന്റ് കഴിയും വരെ നിലനിര്‍ത്താനായി ഇസിബിയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിസിസിഐ. പ്ലേ ഓഫില്‍ ഇംഗ്ലണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ ഇസിബി സമ്മതിച്ചാല്‍ അതില്‍ ഏറ്റവും ആശ്വാസം ലഭിക്കുക രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായിരിക്കും. പ്ലേ ഓഫിന് മുന്‍പ് ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ ഓപ്പണര്‍ ജോസ് ബട്ട്ലറുടെ സേവനം രാജസ്ഥാനും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്കും നഷ്ടമാകും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോയിന്‍ അലിയുടെ സേവനമാകും നഷ്ടമാവുക. അതേസമയം പ്ലേ ഓഫ് സാധ്യതകള്‍ ഏറെ കുറെ അസ്തമിച്ച പഞ്ചാബ് കിംഗ്‌സിലെ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാനാകും. സാം കരന്‍,ജോണി ബെയര്‍സ്റ്റോ,ലിയാം ലിവിങ്ങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങളാണ് പഞ്ചാബിനൊപ്പമുള്ളത്. മെയ് 21 മുതല്‍ 26 വരെയാണ് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍. ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളും കളിക്കുമെന്നാണ് താരങ്ങളുമായുള്ള ധാരണയെന്നും അതിനാല്‍ താരങ്ങളെ വിട്ടുനല്‍കാനാകില്ലെന്നുമാണ് ഫ്രാഞ്ചൈസികളുടെ നിലപാട്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിന്റെ നായകന്‍ കൂടിയാണ് ജോസ് ബട്ട്ലര്‍. മെയ് 22 മുതലാണ് പാകിസ്ഥാനുമായുള്ള ഇംഗ്ലണ്ടിന്റെ ടി20 സീരീസ് ആരംഭിക്കുന്നത്. ജൂണ്‍ 2നാണ് ടി20 ലോകകപ്പിന് തുടക്കമാവുക.