Rohit Sharma:16 കോടി ഐപിഎലില്‍ നിന്നും 7 കോടി ശമ്പളമായി ബിസിസിഐയും നല്‍കും, എന്നിട്ടും രോഹിത് ശര്‍മ സഞ്ചരിക്കുന്നത് മാരുതി കാറില്‍!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (10:47 IST)
ട്വന്റി20 ലോകകപ്പ് അടുത്തിരിക്കേ ക്യാപ്റ്റന്‍ ആരാകുമെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമില്ല, അത് രോഹിത് ശര്‍മ തന്നെ ആയിരിക്കും. അഞ്ചുവട്ടം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം അണിഞ്ഞത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലൂടെയാണ്. ഐപിഎല്‍ എന്നാല്‍ പണക്കൊഴുപ്പിന്റെ ലീഗ് കൂടിയാണ്. ഐപിഎല്ലിലെ താരങ്ങള്‍ വന്നിറങ്ങുന്ന വാഹനങ്ങളും വന്‍ വിലയുള്ളതായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സമ്പന്ന കളിക്കാരില്‍ ഒരാളാണ് രോഹിത്. കോടികള്‍ വിലമതിക്കുന്ന നിരവധി കാറുകള്‍ ഹിറ്റ്മാന്റെ ഗ്യാരേജില്‍ ഉണ്ട്. സ്വന്തമായി ആഡംബര കാറുകള്‍ ഉണ്ടായിട്ടും മാരുതിയുടെ മിഡ്സൈസ് എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയില്‍ രോഹിത് ശര്‍മ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

കോടികള്‍ പ്രതിഫലമായി വാങ്ങുന്ന താരം ഇത്രയും സിമ്പിള്‍ ആയാണോ ജീവിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ജേഴ്‌സി അണിഞ്ഞ് എത്തിയ താരം കയ്യിലുള്ള ബാഗ് സീറ്റില്‍ വച്ചശേഷം ഗ്രാന്‍ഡ്വിറ്റാര കാറിന്റെ മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ കയറി ഇരുന്നു. ക്യാമറകള്‍ക്ക് അഭിമുഖമായി തമ്പസ്അപ്പ് കാണിച്ച അദ്ദേഹം മാരുതി കാറിന്റെ ഡ്രൈവറോട് സംസാരിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാനാകും. ക്രിക്കറ്റ് താരത്തിന്റെ പരിചയക്കാരുടെ വാഹനമാകാനാണ് സാധ്യത.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) എ പ്ലസ് ഗ്രേഡ് കരാറുള്ള കളിക്കാരനാണ് രോഹിത്. അതായത് ഏഴ് കോടി രൂപയാണ് ബിസിസിഐ താരത്തിന് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. ഇതിന് പുറമെ ഒരു ഏകദിന മത്സരം കളിച്ചാല്‍ താരത്തിന് 6 ലക്ഷം രൂപയും.അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിന് 3 ലക്ഷം രൂപയും ബിസിസിഐ നല്‍കും.

അഞ്ചുദിവസത്തെ ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുന്നത്. ഐപിഎല്ലിലെ വിലകൂടിയ കളിക്കാരില്‍ മുന്നിലുണ്ട് രോഹിത്തും. മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്ന താരത്തിന് പ്രതിവര്‍ഷം 16 കോടി രൂപയാണ് നല്‍കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :