അഭിറാം മനോഹർ|
Last Modified ഞായര്‍, 5 മെയ് 2024 (08:25 IST)
2025ൽ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഐസിസിയോട് ഇന്ത്യ മറുപടി പറയേണ്ടി വരുമെന്ന് പാകിസ്ഥാന്‍ മുന്‍ താരമായ റാഷിദ് ലത്തീഫ്. മുഴുവന്‍ ടൂര്‍ണമെന്റും പാകിസ്ഥാനില്‍ നടക്കുന്നതിനാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെ പറ്റി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാഷിദ് ലത്തീഫിന്റെ പ്രതികരണം.
ബൈലാറ്ററല്‍ പരമ്പരകള്‍ വേണമെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് വെയ്ക്കാം. എന്നാല്‍ ഐസിസി ടൂര്‍ണമെന്റ് നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്ന് പാകിസ്ഥാന് അറിയാവുന്ന പോലെയാണിത്. എവിടെയാണ് കളിക്കേണ്ടതെന്ന് ടീമുകള്‍ക്കറിയാം. ഇതനുസരിച്ചാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കരാറില്‍ ഒപ്പുവെച്ചത്. റാഷിദ് ലത്തീഫ് പറയുന്നു.
അതേസമയം കഴിഞ്ഞ തവണത്തേത് പോലെ ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തണമെന്ന ആവശ്യം ഇത്തവണ
ബിസിസിഐ മുന്നോട്ട് വെച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരം. പകരം ഇന്ത്യയുടെ യോഗ്യത റൗണ്ട് മത്സരങ്ങളെല്ലാം തന്നെ ഒരൊറ്റ വേദിയിലാകണമെന്ന ആവശ്യമാണ് ബിസിസിഐ ഉന്നയിച്ചിട്ടുള്ളത്. കറാച്ചി, റാവല്‍പിണ്ടി,ലാഹോര്‍ എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. ലാഹോറിലാണ് ഫൈനല്‍ മത്സരം നടക്കുക.