സൂര്യന്‍റെ ഉടമ ഒരു സ്പെയിന്‍‌കാരി!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
സൂര്യന്റെ ആരാണ്. പ്രപഞ്ച സൃഷ്ടാവെന്നോ മറ്റോ ആണെന്ന് പറയാന്‍ വരട്ടെ. ഏഞ്ചല്‍‌സ് ഡ്യൂറന്‍ (48) എന്ന സ്പെയിന്‍കാരി താനാണ് സൂര്യന്റെ ഉടമ എന്ന് അവകാശപ്പെടുന്നു. സൂര്യനെ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഒരു യുഎസുകാരന്‍ ചന്ദ്രനെയും നമ്മുടെ സൌരയൂഥത്തിലെ മിക്ക ഗ്രഹങ്ങളെയും സ്വന്തമാക്കിയ വാര്‍ത്തയാ‍ണ് സൂര്യനെ സ്വന്തം പേരിലാക്കാന്‍ പ്രചോദനമായതെന്ന് ഡ്യൂറന്‍ പറയുന്നു.

സ്പെയിനിലെ ഗലിഷ്യ എന്ന സ്ഥലത്താണ് ‘സൂര്യന്റെ ഉടമ’ താമസിക്കുന്നത്. ഒരു പബ്ലിക് നോട്ടറിയുടെ അടുത്ത് എത്തിയാണ് രജിസ്ട്രേഷന്‍ നടത്തിയത് എന്ന് ഇവര്‍ പറയുന്നു. തനിക്കു മുമ്പേ മറ്റാരും സൂര്യനെ സ്വന്തം പേരിലാക്കാന്‍ മിനക്കെടാത്തത് അനുഗ്രഹമായെന്ന മട്ടിലാണ് ഡ്യൂറന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഭൂമിയില്‍ നിന്ന് ഏകദേശം 149,600,000 കിലോമീറ്റര്‍ അകലെ സൌരയൂഥത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന സൂര്യന്‍ എന്ന നക്ഷത്രത്തിന്റെ ഉടമ ഡ്യൂറന്‍ ആണെന്നാണ് പബ്ലിക് നോട്ടറി നല്‍കിയിരിക്കുന്ന രേഖകള്‍ പറയുന്നത്.

താന്‍ നിയമം അറിയാതെയല്ല സൂര്യനെ സ്വന്തമാക്കിയത് എന്ന് ഡ്യൂറന്‍ പറയുന്നു. സൌരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും ഉടമസ്ഥാവകാശം ഒരു രാജ്യത്തിനും അവകാശപ്പെടാനാവില്ല എന്ന് ഒരു അന്താരാഷ്ട്ര കരാറുണ്ട്. എന്നാല്‍, ആ കരാറില്‍ വ്യക്തികളെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും, സൂര്യനെ ഉപയോഗിക്കുന്നവരില്‍ നിന്നെല്ലാം കരം പിരിച്ച് സ്വന്തം രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാനാണ് ഇവരുടെ ശ്രമം. ഫീസിന്റെ പകുതി സര്‍ക്കാരിനും 20 ശതമാനം രാജ്യത്തെ പെന്‍ഷന്‍ ഫണ്ടിനും സംഭാവന ചെയ്യുമെന്നും ഇവര്‍ പറയുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :