ഹേ ഫെസ്റ്റിന് കേരളം ഒരുങ്ങുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2010 (14:39 IST)
ലോകത്തിലെത്തന്നെ ഏറ്റവും വലിയ കലാ സാഹിത്യോല്‍‌സവങ്ങളിലൊന്നായ ഹേ ഫെസ്റ്റിവലിന് ആഥിതേയത്വം വിഹിക്കാന്‍ കേരളം തയ്യാറെടുക്കുന്നു. സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യയില്‍‌ ഹേ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നവംബര്‍ 12 മുതലാണ് തിരുവനന്തപുരത്ത് സാഹിത്യോല്‍‌സവം നടക്കുക.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കനകക്കുന്ന് കൊട്ടാരത്തിലായിരിക്കും സാഹിത്യവും കലയും സംസ്കാരവും ഒരു കുടക്കീഴില്‍ അണിനിരക്കുക. നേരത്തെ ബാംഗ്ലൂര്‍, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ സംഘാടകരുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നറുക്ക് തിരുവനന്തപുരത്തിന് ലഭിക്കുകയായിരുന്നു.

റോസി ബോയ്‌കോട്ട്, തിഷാനി തോഷി, ബാമ ഫൌസ്റ്റിന, നമിത ഗോഖലെ, ജയശ്രീ മിശ്ര, അനിത നായര്‍, വിവേക് നാരായണന്‍, സെബാസ്റ്റിന്‍ ഫോക്സ്, ബോബ് ഗെല്‍‌ഡോഫ്, സൊമോന്‍ ഷാമ, വിക്രമ സേത്, വില്യം ഡാര്‍ലിം‌പിള്‍, തരുണ്‍ തേജ്‌പാല്‍ തുടങ്ങി വിശ്വ സാഹിത്യ, കലാ-സാംസ്കാരിക, സാമൂഹ്യ മെഖലകളിലെ അതികായര്‍ ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്തിച്ചേരും. കേരളത്തില്‍ നിന്നുള്ള ശശി തരൂരും വിശിഷ്ടാഥിതിയായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

മുന്‍ യു‌എസ് പ്രസിഡന്‍റ് ബില്‍‌ ക്ലിന്‍റണ്‍ “വുഡ്‌സ്റ്റോക്ക് ഓഫ് ദ് മൈന്‍ഡ്” എന്ന് വിശേഷിപ്പിച്ച ഹേ ഫെസ്റ്റിവല്‍ പരമ്പരാഗതമായി വെയില്‍‌സിലെ ഹെ-ഓണ്‍-വേയില്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ആരംഭിക്കുക. ഗാഡിയന്‍ പത്രമാണ് 2002 മുതല്‍ ഹേ ഫെസ്റ്റിന്‍റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്‍‌പ്പതോളം സാഹിത്യ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഐറിഷ് ഗായകനും ഗാനരചയിതാവുമായ ബോബ് ഗെല്‍‌ഡോഫിന്‍റെ സംഗീത വിരുന്ന് സാഹിത്യോല്‍‌സവത്തിന്‍റെ ആകര്‍ഷണമാകും. ബ്രിട്ടീഷ് കൌണ്‍സിലുമായി ചേര്‍ന്നാണ് കേരളത്തില്‍ ഹേ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 2006 മുതലാണ് കൌണ്‍സില്‍ ഹേ കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ചിന്തകര്‍ക്കും ഉള്ള ഒരു പൊതു പ്ലാറ്റ് ഫോമാണ് ഫെസ്റ്റിവല്‍ പ്രദാനം ചെയ്യുകയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :