മലേഷ്യന്‍ വിമാനദുരന്തം: അന്താരാഷ്ട്ര അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം

കീവ്| Last Modified ശനി, 19 ജൂലൈ 2014 (08:09 IST)
കിഴക്കന്‍ ഉക്രെയിനില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിമാനം റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന ആരോപണം പാശ്ചാത്യരാജ്യങ്ങളും ഉക്രെയിനും വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. എന്നാല്‍ റഷ്യന്‍വിമതര്‍ ഇത് നിഷേധിച്ചു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു.

അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വെള്ളിയാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിഘടനവാദികള്‍ക്ക് റഷ്യ ആയുധമുള്‍പ്പടെയുള്ള സഹായം നല്‍കിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഉക്രെയിന്‍ സര്‍ക്കാറിനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആരോപിച്ചു.

വ്യാഴാഴ്ച ഇന്ത്യന്‍സമയം രാത്രി ഏഴുമണിയോടെയാണ് കിഴക്കന്‍ യുക്രൈനിലെ പ്രശ്‌നബാധിതമേഖലയായ ഡോണ്‍യെറ്റ്‌സ്‌കില്‍ വിമാനം തകര്‍ന്നത്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :