‘അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത് കരാറുകാരുടെ സര്‍ക്കാര്‍’

ന്യൂഡല്‍ഹി| Last Modified ശനി, 3 മെയ് 2014 (15:13 IST)
കേരളത്തിലെ കരാറുകാരുടെ സര്‍ക്കാരാണ് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് മാധവ് ഗാഡ്ഗില്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സഭയും തെറ്റിദ്ധാരണ പരത്തി. കസ്തൂരിരംഗന്‍ സമിതി അധികാരങ്ങളില്‍നിന്ന് വ്യതിചലിച്ചു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക രേഖകള്‍ കൈമാറാന്‍ തയാറായില്ലെന്നും മാധവ് ഗാഡ്ഗില്‍ വെളിപ്പെടുത്തി.
 
എക്കണോമിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയിലെ ലേഖനത്തിലാണ് പശ്ചിമഘട്ട റിപ്പോര്‍ട്ടിനെതിരേ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മാധവ് ഗാഡ്ഗില്‍ മറുപടി പറയുന്നത്. റിപ്പോര്‍ട്ടിന് മേല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിഷപ്പുമാരും നടത്തിയ ദുഷ്പ്രചരണങ്ങളാണ് കേരളത്തില്‍ അക്രമണത്തിന് പ്രേരണയായത്. സമൂഹത്തിന്റെ ചിലവില്‍ വിഭവങ്ങള്‍ കൊളളയടിക്കുന്നതിലെ ഉദാഹരണമായി കേരളത്തിലെ മൂവായിരത്തോളം അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തെ ഗാഡ്ഗില്‍ 
ചൂണ്ടികാണിക്കുന്നു.പരിസ്ഥിതി സംരക്ഷണം ബലപ്രയോഗത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ഭയം ഇഎഫ്എല്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏത് ഭൂമിയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമെന്ന ഈ തോന്നല്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ പ്രചാരണം.
 
പൊതു ജനാഭിപ്രായത്തിനായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് അറിച്ച കേന്ദ്ര സര്‍ക്കാര്‍ ജയറാം രമേശ് മന്ത്രി സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് മലക്കം മറിഞ്ഞത്. വിവരങ്ങള്‍ പൂഴ്ത്തിവെച്ചത് കൊണ്ട് ബിഷപ്പുമാര്‍ക്കടക്കം തെറ്റിദ്ധാരണ പരത്തുക എളുപ്പമായി. തെറ്റായ വിവരങ്ങള്‍ നല്‍കി അതിരപ്പളളി പദ്ധതിയെ ന്യായീകരിക്കുന്നത് കോണ്‍ട്രാക്റ്റര്‍മാരും അവരുടെ കൂട്ടാളികളുമാണ്. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് വേണ്ടി കോണ്‍ട്രാറ്റര്‍മാരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാരുകളാണ് പദ്ധതിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇതിന് സര്‍വ്വകക്ഷി സഖ്യത്തിന്റെ പിന്തുണയുമുണ്ടെന്നും ഗാഡ്‌ഗില്‍ വെളിപ്പെടുത്തുന്നു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :