ടോം ജോസഫിന് അര്‍ജുനയില്ല, അപമാനകരമെന്നും സമ്മര്‍ദ്ദം വൈകിയെന്നും ടോം

ന്യൂഡല്‍ഹി| WEBDUNIA|
PRO
മലയാളി വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡില്ല. അന്തിമ പട്ടികയില്‍ മാറ്റം വരുത്തേണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. കൃഷ്ണ പൂനിയയ്ക്ക് ഖേല്‍‌രത്ന അവാര്‍ഡും ലഭിക്കില്ല. അതേസമയം തോമസ് മാഷിന് പുരസ്കാരം നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. അവാര്‍ഡ് നിര്‍ണയസമിതിയുടെ ശുപാര്‍ശ കായികമന്ത്രി അംഗീകരിച്ചു.

രാജ്യത്തിന് വേണ്ടി ഇത്രയും വിയര്‍പ്പൊഴുക്കിയ തന്നെ അപമാനിക്കുന്ന തീരുമാനമാണിതെന്ന് ടോം ജോസഫ് പ്രതികരിച്ചു. അര്‍ജുന അവാര്‍ഡ് ലഭിക്കുന്നതിനായി തനിക്കുവേണ്ടി കേരളം സമ്മര്‍ദ്ദം ചെലുത്താന്‍ വൈകിയെന്ന് ടോം ജോസഫ് പറഞ്ഞു. ഉത്തരേന്ത്യന്‍ ലോബിയാണ് തനിക്ക് അവാര്‍ഡ് തടഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

ടോം ജോസഫിന് അവാര്‍ഡ് ഇല്ലെന്നറിഞ്ഞപ്പോള്‍ തന്നെ എല്ലാ ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടോം ജോസഫിന് അവാര്‍ഡ് നല്‍കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നപ്പോള്‍ അന്തിമപട്ടികയുടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.

ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ലഭിക്കുമെന്ന് ഇടയ്ക്ക് പ്രതീക്ഷയുണര്‍ന്നെങ്കിലും ഒടുവില്‍ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സമിതി തീരുമാനിക്കുകയായിരുന്നു. ടോം ജോസഫിന്‍റെ പേര് ഉള്‍പ്പടുത്തണമെന്ന് മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷ്ണ പൂനിയയ്ക്ക് ഖേല്‍‌രത്ന നല്‍കണമെന്നുകൂടി ആവശ്യമുയര്‍ന്നതോടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടെന്ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു.

ഖേല്‍‌രത്നയ്ക്ക് ഏഴര ലക്ഷം രൂപയും അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവുമാണ് അവാര്‍ഡ് തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :