കശ്‌മീര്‍ ഭരിക്കേണ്ടത് പാകിസ്ഥാനോ അവിടെയുള്ള ഭീകരസംഘടനകളോ അല്ല; കശ്‌മീരിനെ ഖിലാഫത്തിന്റെ കീഴിലാക്കുമെന്ന് ഐഎസ്

കശ്‌മീരില്‍ ഇസ്‌ലാമിക രാജ്യം വരണമെങ്കില്‍ രണ്ടു യുദ്ധം നടത്തേണ്ടി വരും

ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐ എസ് , പാകിസ്ഥാന്‍ ഭീകരര്‍ , ഖിലാഫത്ത്
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 11 ജൂണ്‍ 2016 (11:38 IST)
കശ്‌മീരിനെ ഖിലാഫത്തിനു കീഴിൽ കൊണ്ടുവരാനാണ് ഇസ്‌ലാമിക് സ്റ്റേറ്റിനു (ഐഎസ്) താൽപ്പര്യമെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെയോ പാക് അനുകൂല ഭീകരസംഘടനകളുടെയോ കീഴില്‍ അല്ല കശ്‌മീര്‍ വരേണ്ടത്. സംഘടനയുടെ മേധാവി അബൂബക്കർ അൽ ബഗ്ദാദിയുടെ ഖിലാഫത്തിന്റെ കീഴിലാണ് കശ്‌മീര്‍ വരേണ്ടതെന്നും ഐഎസ് വ്യക്തമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നവംബറില്‍ പിടിയിലായ ഐഎസ് അനുകൂലി ഇന്ത്യന്‍ ഓയില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ മൊഹമ്മദ്‌ സിറാജുദ്ദീന്‍ ഷായ്‌ക്കെതിരേ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ്‌ അംഗങ്ങളുടെ വെബ്‌ ചാറ്റിന്റെ വിവരങ്ങളിലാണ്‌ കശ്‌മീരിനെ സംബന്ധിച്ച ഈ വിവരമുള്ളത്.

കശ്‌മീരില്‍ ഇസ്‌ലാമിക രാജ്യം വരണമെങ്കില്‍ രണ്ടു യുദ്ധം നടത്തേണ്ടി വരും. ഒന്ന്‌ ഇന്ത്യന്‍ സൈന്യത്തിനും മറ്റൊന്ന്‌ ലഷ്‌ക്കര്‍ ഇ തയ്‌ബ, ജെഇഎം, ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങി അവിടുത്തെ പാകിസ്ഥാനി ജിഹാദി ഗ്രൂപ്പുകള്‍ക്ക്‌ എതിരേയുമാണ്. പാകിസ്ഥാനുവേണ്ടിയും മറ്റ് താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തി മുന്നോട്ടു പോകുന്ന പാക് ഭീകരരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും ഐ എസ് വ്യക്തമാക്കുന്നുണ്ട്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകൾ ഐഎസുമായി ലയിക്കില്ലെന്നും സിറാജുദ്ദീന്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

വിഎച്ച്‌പി നേതാവ്‌ അശോക്‌ സിംഗാള്‍ 2005 നവംബര്‍ 17 ന്‌ കൊല്ലപ്പെട്ട വാര്‍ത്ത ഐഎസ്‌ അംഗങ്ങള്‍ ആഘോഷിച്ചിരുന്നതായും മരണവാര്‍ത്ത നല്ല വാര്‍ത്ത എന്ന പേരിലായിരുന്നു സിറാജുദ്ദീനെ പോലെയുള്ളവര്‍ ഷെയര്‍ ചെയ്‌തിരുന്നു. ഐഎസിന്റെ കീഴില്‍ കശ്‌മീര്‍ വരുമെന്ന ആശയത്തില്‍ ഇയാള്‍ 20 രൂപ നോട്ട്‌ പുറത്തിറക്കിയതായും പറയുന്നുണ്ട്‌. കശ്‌മീരിലേക്ക്‌ ഐഎസിന്‌ സ്വാഗതം എന്ന്‌ ഇതില്‍ കുറിച്ചിരുന്നു.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരുമായി സിറാജ്ജുദ്ദീന്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഐഎസ് അംഗങ്ങളുമായും
അൽ ഖായിദയുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഓൺലൈൻ വഴി ഏഴോളം സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :