ബജറ്റിലെ കൃത്രിമം : ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി

ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി

ബ്രസീല്‍, ദില്‍മ റൂസേഫ് brazil, Dilma Rousseff
ബ്രസീല്‍| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (09:13 IST)
ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി. 27 വോട്ടുകള്‍ക്കെതിരെ 38 വോട്ടുകള്‍ക്കാണ് തീരുമാനം സമിതി അംഗീകരിച്ചത്.
ഞായറാഴ്ചയാവും ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുക. എന്നാല്‍, വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഭരണ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദില്‍മ റൂസേഫ് ഇതിനെതിരെ പ്രതികരിച്ചു.

ബ്രസീലിയന്‍ അധോസഭയിലെ ഇംപീച്ച്മെന്റ് സമിതിയാണ് പ്രസിഡന്റ് ദില്‍ന റൂസേഫിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അധോസഭയിലെ എല്ലാ അംഗങ്ങളും നടപടിക്രമങ്ങളില്‍ പങ്കാളികളാവും. അധോസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച് മെന്റ് പ്രമേയം പാസ്സായാല്‍ പിന്നീട് സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റില്‍ ഇംപീച്ച് മെന്റ് പാസ്സാവാന്‍ സാധാരണ ഭൂരിപക്ഷമാണ് ആവശ്യം. സെനറ്റും ഈ ഇംപീച്ച്മെന്റ് അംഗീകരിക്കുകയാണെങ്കില്‍ ദില്‍മ റൂസേഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്. കൂടാതെ അവര്‍ക്ക് വിചാരണ നേരിടേണ്ടി വരികയും ചെയ്യും.

ഈ പ്രമേയം പാസ്സാവുകയാണെങ്കില്‍ 1992ന് ശേഷമുള്ള വിപ്ലവാനന്തര ബ്രസീലില്‍ ഇംപീച്ച്മെന്റ് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാവും ദില്‍മ റൂസേഫ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ദില്‍മ റൂസേഫ് നിഷേധിച്ചു.
സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ദില്‍മ റൂസേഫ് പ്രതികരിച്ചു. വൈസ്പ്രസിഡന്റ് മൈക്കല്‍ ടെര്‍മറിന്റെ നേതൃത്വത്തിലാണ് ഭരണ അട്ടിമറിക്കുള്ള ഗൂഢാലോചന നടക്കുന്നതെന്നും ബ്രസീല്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

2014ല്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതിനായി ബജറ്റില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് ദില്‍മ റൂസേഫിനെതിരെ ഉയര്‍ന്നത്. ബ്രസീലിലെ രാഷ്ട്രീയ രംഗത്തെ പിടിച്ചുലച്ച ഈ അഴിമതിയാരോപണത്തെ തുടര്‍ന്ന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഘടക കക്ഷികള്‍ ദില്‍മ റൂസേഫിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതാണ് ഇംപീച്ചമെന്റ് സമിതിയലടക്കം വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :