''തോന്നിയ രീതിയിൽ പാട്ടു പാടി വെറുപ്പിച്ചാൽ കൊന്നുകളയും''; ഭീഷണിയെ തുടർന്ന് ഗായകൻ നാടുവിട്ടു!
പാട്ടുകൾ അസഹയനീയം, പ്ലീസ് വെറുപ്പിക്കരുത്; ഒടുവിൽ ഗായകൻ നാടുവിട്ടു
കറാച്ചി|
aparna shaji|
Last Modified വെള്ളി, 23 ഡിസംബര്‍ 2016 (12:14 IST)
വധഭീഷണിയെ തുടർന്ന് പ്രശസ്ത ഗായകൻ നാടുവിട്ടു. പാകിസ്താനിലെ ഗായകനായ താഹിര്‍ ഷായ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് താഹിറിന്റെ പാട്ടുകൾ എന്നാണ് കേൾവിക്കാർ പറയുന്നത്. ഇദ്ദേഹത്തിന്റെ പാട്ടുകൾ അസഹയനീയമാണെന്നും വിമർശകർ പറയുന്നു. ഒരു ഗായകന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് താഹിറിന് സംഭവിച്ചതെന്നും ചിലർ പ്രതികരിക്കുന്നു.
സംഗീത പശ്ചാത്തലമുള്ളയാളല്ല താഹിര്‍. തനിക്ക് തോന്നുന്നത് പോലെ എഴുതി ഈണവും സംഗീതവും നല്‍കിയാണ് ഇദ്ദേഹം ഗാനങ്ങള്‍ പുറത്തിറക്കാറുള്ളത്. 2013 മുതലാണ് ഇദ്ദേഹം ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അന്ന് പുറത്തിറങ്ങിയ ‘ഐ ടു ഐ’ എന്ന ഗാനം വൈറലായിരുന്നു. അതിനുശേഷമാണ് ഇദ്ദേഹം പാകിസ്താനിൽ ശ്രദ്ധിക്കപ്പെട്ടത്. ഇതിനു ശേഷം ഒട്ടനവധി ഗാനങ്ങൾ താഹിർ പുറത്തിറക്കിയിട്ടുണ്ട്.
ഇനിയും സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ചില തീവ്ര വിമര്‍ശകര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ ഒന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് താഹിറിന്റെ മാനേജർ പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയായാണ് പൊതുസമൂഹം ഈ വാര്‍ത്തയെ നോക്കിക്കാണുന്നത്.