ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതെല്ലാം ശരി... പക്ഷേ അവിടെ നിങ്ങള്‍ സുരക്ഷിതരാണോ?

beauty parlour  , health , women , hair , skin , ബ്യൂട്ടി പാര്‍ലറുകള്‍, രോഗങ്ങള്‍, വൈറസ്, ത്വക്, തലമുടി
സജിത്ത്| Last Modified വ്യാഴം, 4 ജനുവരി 2018 (16:47 IST)
ബ്യൂട്ടി പാര്‍ലറുകള്‍ നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ തന്‍റെ ഭാഗമാണ് ഇപ്പോള്‍. പഴയ ബാര്‍ബര്‍ ഷോപ്പുകളുടെ കഥ കഴിയുകയും കുഗ്രാമങ്ങളില്‍ പോലും ബ്യൂട്ടി പാര്‍ലറുകളും ബ്യൂട്ടി ക്ലിനിക്കുകളും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കാത്ത യുവതീ യുവാക്കള്‍ വിരളമാണ്. ഒന്നു ചോദിക്കട്ടെ, ഈ ബ്യൂട്ടി പാര്‍ലറുകള്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നു എങ്കില്‍ അത് അമിതമായ ഒരു വിശ്വാസമാണെന്ന് പറയേണ്ടി വരും.

ബ്യൂട്ടി പാര്‍ലറുകള്‍ രോഗങ്ങള്‍ പകരാന്‍ ഏറ്റവും പറ്റിയ ഇടമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. സാധാരണ ത്വക് രോഗങ്ങള്‍ മുതല്‍ എയ്ഡ്സ് വരെ ബ്യൂട്ടി പാര്‍ലറുകള്‍ സമ്മാനിച്ചേക്കാം. നിങ്ങള്‍ ഏത് ബ്യൂട്ടി പാര്‍ലറില്‍ പോകണം എന്നുള്ളത് നിങ്ങളുടെ മാത്രം ചോയ്സാണ്. അതിന് കൃത്യമായ ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അപകടം ഒഴിവാക്കാം.

ത്വക്, തലമുടി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു കൂടാതെ ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ബാധിച്ചേക്കാം. ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ കൂടുതലായി ശ്വസിക്കുന്നതു മൂലം ശ്വാസകോശ രോഗങ്ങളും അലര്‍ജിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ പണം കൊടുക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു ബ്യൂട്ടി പാര്‍ലറും സുരക്ഷിതമാണെന്നു കരുതാനാകില്ല.

എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി - സി തുടങ്ങിയ വൈറസ് ബാധകള്‍, ബാക്ടീരിയ - ഫംഗസ് ബാധകള്‍, മുടികൊഴിച്ചില്‍, ത്വക് അലര്‍ജികള്‍ എന്നിവ ശുചിത്വവും വൃത്തിയും പ്രൊഫഷണലിസവുമില്ലാത്ത ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിടിപെട്ടേക്കാം. വാക്സിംഗ് നടത്തുമ്പോള്‍ അത് ചെയ്യുന്നയാളുടെ കൈയ്യില്‍ നിന്ന് രോഗാണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല വാക്സിംഗ് മിശ്രിതത്തിലെ അപാകത അലര്‍ജിയുണ്ടാക്കിയേക്കാം. ഓര്‍ക്കുക, മുഖം നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. വൃത്തിയില്ലാത്ത ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നത് തീര്‍ത്തും അപകടകരമായ ഒരു തീരുമാനമായിരിക്കും.

ഫേഷ്യല്‍ ചെയ്യുമ്പോഴും ബ്ലീച്ചു ചെയ്യുമ്പോഴുമൊക്കെ ശ്രദ്ധിക്കുക, നിങ്ങളുടെ മുഖത്ത് ചെറിയ മുറിവുകള്‍ ഉണ്ടെങ്കില്‍ രോഗാണുബാധയുണ്ടായേക്കാം. ചൊറിച്ചിലും അലര്‍ജ്ജിയും ഉണ്ടാകാം. നല്ല ഷാംപൂ ഉപയോഗിക്കാത്തത് മുടികൊഴിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബ്ലേഡുകള്‍ ഉള്‍പ്പടെയുള്ള കട്ടിംഗ് - ഷേവിംഗ് ഉപകരണങ്ങള്‍ വൃത്തിയില്ലാത്തതാണെങ്കില്‍ മാരകരോഗങ്ങള്‍ പടരാന്‍ അത് കാരണമാകും.

മുഖക്കുരു, അരിമ്പാറ, പാലുണ്ണി തുടങ്ങിയവ നീക്കം ചെയ്യാന്‍ നിങ്ങള്‍ ബ്യൂട്ടി പാര്‍ലറുകളുടെ സഹായം തേടുക സാധാരണയാണ്. അവ നീക്കം ചെയ്യാനുപയോഗിക്കുന്ന ‘റിമൂവര്‍’ ശുചിയുള്ളതല്ലെങ്കില്‍, അതിനു ശേഷം അവര്‍ പുരട്ടുന്ന ലോഷനോ ക്രീമോ നല്ലതല്ലെങ്കില്‍ അണുബാധ തീര്‍ച്ച. ചെറിയ അശ്രദ്ധയ്ക്കു പോലും വലിയ വില നല്‍കേണ്ടി വന്നേക്കാം.

ഷേവ് ചെയ്യുന്നതു പോലെയുള്ള കാര്യങ്ങള്‍ കൂടുതലും സ്വയം ചെയ്യാന്‍ ശ്രമിക്കുകയാണ് ഏറ്റവും സുരക്ഷിതമായ കാര്യം. ബ്യൂട്ടി പാര്‍ലറുകളില്‍ പോകുമ്പോള്‍ അവ വൃത്തിയും ശുചിത്വവും ഉള്ളതാണോ എന്നും അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്പിരിറ്റില്‍ സൂക്ഷിച്ചിട്ടുള്ളതാണോ എന്നും നിങ്ങള്‍ ഉറപ്പുവരുത്തുക. തെറ്റായ മുടിസംരക്ഷണ ചികിത്സയ്ക്കോ ത്വക്ക് സംരക്ഷണ ട്രീറ്റ്‌മെന്‍റിനോ ഒന്നും വിധേയരാകാതെയിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :