ജോലി മാത്രമല്ല, ഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതും പ്രധാനമാണ്; ജോലിത്തിരക്കില്‍ ജീവിക്കാന്‍ മറക്കുന്നവരേ... നിങ്ങളാണിത് വായിക്കേണ്ടത്!

ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ ആഹാരരീതി?

Food, Health, Stomach, Fat, Milk, Egg, ആഹാരം, ഫുഡ്, ആരോഗ്യം, വയര്‍, അമിതവണ്ണം, പാല്‍, മുട്ട
Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (16:20 IST)
ഇന്ന്‌ മനുഷ്യന്റെ ജീവിതത്തിന്റെ ഭൂരിപക്ഷ സമയവും ഉപയോഗിക്കുന്നത്‌ പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനായാണ്‌. എന്നാല്‍ പണമുണ്ടാക്കി കഴിഞ്ഞ്‌ ജീവിക്കാം എന്നുവച്ചാല്‍ ആ സമയത്ത്‌ ആരോഗ്യവും കാണില്ല. അതുകൊണ്ട്‌ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്‌ ആരോഗ്യത്തിനാണ്‌. ആരോഗ്യം കഴിഞ്ഞേ മറ്റെന്തും ഉണ്ടാകാന്‍ പാടുള്ളൂ. എന്നാല്‍ നമ്മളില്‍ പലരും ഇന്നൊരു ദീര്‍ഘശ്വാസം എടുക്കാന്‍പോലും മെനക്കെടാറില്ല.

ആരോഗ്യം കാത്തുരക്ഷിക്കാനായി ഒരു ദിവസത്തിന്റെ ഇരുപത് മിനിട്ടെങ്കിലും നീക്കിവയ്‌ക്കണം. അതിനുവേണ്ടി ഓടുകയോ, ചാടുകയോ നടക്കുകയോ യോഗ ചെയ്യുകയോ അങ്ങനെ എന്തുവേണമെങ്കിലും ആവാം. ഇതുവഴി ശരീരത്തിന്റെ എല്ലാ ജോയിന്റ്‌സും മസില്‍സും വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌ എന്ന്‌ ഉറപ്പിക്കണം. ഈ ഇരുപത് മിനിട്ട്‌ വ്യായാമം തന്നെയാണ്‌ ആരോഗ്യത്തിന്റെ കാതല്‍.

ഭക്ഷണവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. ജീവിക്കാനായി ആഹാരം കഴിക്കുന്നതിന്‌ പകരം ആഹാരം കഴിക്കാനായി ജീവിക്കുന്ന തരത്തിലേക്ക്‌ ഇന്ന്‌ ജനങ്ങള്‍ മാറിയിരിക്കുന്നു. ഇത്‌ ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കുകയുള്ളു. വാരിവലിച്ചു കഴിച്ചിട്ട്‌ അതിന്‌ ആവശ്യമായ വ്യായാമം ശരീരത്തിന്‌ കിട്ടാതെ വരുമ്പോള്‍ അധികം വരുന്ന ഭക്ഷണം കൊഴുപ്പായി ശരീരത്തില്‍ അടിയുന്നു. ഇത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിക്കും. അതുപോലെ മാംസാഹാരം കഴിക്കുന്നവര്‍ അതിന്റെ ഇരട്ടി അളവില്‍ പഴവും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം.

മറ്റൊരു ശീലം പൊതുവായി മലയാളികള്‍ക്കുള്ളത്‌ രാത്രി ഭക്ഷണത്തിന്റെ കാര്യത്തിലാണ്‌. കിടക്കുന്നതിനു മുന്‍പ്‌ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നവരാണ്‌ ഭൂരിപക്ഷം മലയാളികളും. ഇതും ആരോഗ്യത്തിന്‌ ഒട്ടും നല്ലതല്ല. ജോലിയുള്ള ഭൂരിപക്ഷം പേരും രാവിലെ ബ്രേക്ക്‌ഫാസ്‌റ്റ് എന്ന പേരില്‍ എന്തെങ്കിലും കഴിച്ചിട്ട്‌ ഓടിയിറങ്ങുന്നവരാണ്‌. അവരെ സംബന്ധിച്ച്‌ ഉച്ചയ്‌ക്കുള്ള ഭക്ഷണവും കണക്കായിരിക്കും. ഒരു കാരണവശാലും രാവിലെ പ്രാതല്‍ കഴിക്കാതിരിക്കരുത്‌. അത്‌ ആരോഗ്യത്തെ താറുമാറാക്കും. അതുപോലെ തന്നെ പതിനൊന്നു മണിക്ക്‌ അപ്പുറത്തേയ്‌ക്ക് ഒരു കാരണവശാലും ഉറക്കമിളയ്‌ക്കാന്‍ പാടില്ല. അതിരാവിലെ എണീക്കുന്നതും ശീലമാക്കണം. ആ സമയത്ത്‌ ശരീരം വളരെ റിലക്‌സ്ഡ്‌ ആയിരിക്കും.

ആഹാരസമയത്തെ ഇരുപത് മിനിറ്റ് എന്ന ക്രമത്തില്‍ ചിട്ടപ്പെടുത്തി ഭക്ഷിക്കുക. ഭക്ഷണം എത്ര സാവധാനത്തില്‍ കഴിക്കാമോ അത്രയും സാവധാനം കഴിക്കണം. അവസാന തരിവരെ നന്നായി ചവച്ചരച്ച് സ്വാദ് പൂര്‍ണമായി നുകരണം. ഇങ്ങനെ ചെയ്യുന്നതോടെ സങ്കീര്‍ണപഥ്യം പാലിക്കാതെ തന്നെ വലിയൊരു മാറ്റം ദഹനവ്യവസ്ഥതിയില്‍ വരുത്താം. വലിച്ചുവാരി കഴിക്കുന്നവര്‍ക്ക് ഉദരത്തില്‍ നിന്നും പുറപ്പെടുന്ന ചില മുന്നറിയിപ്പുകള്‍ വേണ്ടുംവിധം തിരിച്ചറിയാന്‍ കഴിയാതെ വരികയും അവര്‍ അമിതാഹാരം കഴിക്കുകയും ചെയ്യുമെന്നതു തന്നെ കാരണം.

ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ആധുനിക ക്ളിനിക്ക് പോഷകാഹാര രീതിയാണ് നാം പിന്തുടരുന്നത്. ഇത് നമ്മുടെ ശരീരത്തിനും മനസ്സിനും ഒട്ടും യോജിച്ചതല്ല. പ്രകൃതിദത്തമായ സസ്യഹാരമാണ് ഏറ്റവും ഉത്തമം. ഒരു ദിവസത്തേക്കാവശ്യമായ കലോറി ഉള്‍ക്കൊള്ളുന്നതും കൊഴുപ്പ് കുറഞ്ഞതുമായ വിഭവങ്ങളാണ് ഏറ്റവും നല്ലത്. പുതുപുത്തന്‍ പഴങ്ങളും പച്ചക്കറിക്കളും ഭക്ഷിക്കുന്നത് ദീര്‍ഘകാല ആരോഗ്യസംരക്ഷണത്തിന് ഉതകും. ദീര്‍ഘ ദൂരത്തുനിന്ന് കൊണ്ടു വരുന്ന പഴങ്ങളില്‍ പോഷകാംശങ്ങള്‍ കുറയാന്‍ ഇടയുണ്ട്. പ്രാദേശികമായി ഉണ്ടാകുന്ന പുതിയ പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്‍. ശുദ്ധജലം മാത്രം കുടിക്കുക. ശരീരഭാരത്തിന്റെ തോതനുസരിച്ച് ഒരു കിലോഗ്രാമിന് ഏകദേശം 30 മില്ലിലിറ്റര്‍ വെള്ളം കുടിക്കണം. കുപ്പിയില്‍ നിറച്ച ലഘുപാനീയങ്ങള്‍, കാപ്പി, ചായ എന്നിവയും ദാഹം വര്‍ദ്ധിപ്പിക്കും.

പരീക്ഷാകാലത്ത്‌ ഉറക്കം കളഞ്ഞ്‌ പഠിക്കുന്നത്‌ കുട്ടികളില്‍ ഒരു ശീലമായി മാറുന്നുണ്ട്‌. ഇത്‌ ഒരിക്കലും നന്നല്ല. ആരോഗ്യം ഉണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ എന്ന സത്യം ഏവരും ഒരുപോലെ മനസിലാക്കിയാല്‍ സന്തോഷപ്രദമായ ഒരു ജീവിതമായിരിക്കും വരും വര്‍ഷങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :