VISHNU.NL|
Last Updated:
ചൊവ്വ, 18 നവംബര്‍ 2014 (18:50 IST)
ദൈനം ദിന ജീവിതത്തില്‍ വൃത്തിയുടെ പ്രാധാന്യം അറിയുന്നവരാണ് നമ്മള്‍. ഇതിനായി ലോഷനുകളും സോപ്പുകളും, പേസ്റ്റുകളും ഒക്കെ നാം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് ആവശ്യത്തിനാണോ നാം അവയൊക്കെ ഉപയോഗിക്കുന്നത് ഒടുക്കം അവതന്നെ നമ്മുടെ കാലനാകുമെന്ന് പഠനങ്ങള്‍. സോപ്പിലും ടൂത്ത് പേസ്റ്റിലും, ഷാമ്പൂവിലും ബാക്ടീരിയ, ഫംഗല്‍ ബാധകളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോള്‍സാന്‍ എന്ന രാസവസ്തുവാണ് മനുഷ്യനെ സാവധാനം മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണമാണ് ട്രികോള്‍സാനിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്. ഈ പദാര്‍ത്ഥമടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ കരള്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്. ട്രികോള്‍സാനെ കരള്‍ ക്യാന്‍സറുമായും മറ്റു കരള്‍ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്.
ബാക്ടീരിയകളെ പ്രതിരേധിക്കാനായി ട്രികോള്‍സാന്‍ ബാത്ത്‌റൂം, കിച്ചന്‍ ഉല്‍പ്പന്നങ്ങളില്‍ സാധാരണ ചേര്‍ക്കുന്നതാണ്. അതിനാല്‍ മനുഷ്യരില്‍ ഇതിന്റെ അംശം സ്ഥിരമായി എത്തുന്നുമുണ്ട്. ഒരു ഗ്രാം ടൂത്ത് പേസ്റ്റില്‍ 0.03 ശതമാനം ട്രികോള്‍സാനാണ് അടങ്ങിയിരിക്കുന്നത്. എലികളില്‍ നടത്തിയ ആറുമാസത്തെ പരീക്ഷണം കണക്കിലെടുത്താല്‍ മനുഷ്യരില്‍ 18 വര്‍ഷം കൊണ്ട് ക്യാന്‍സര്‍ രോഗം വരാമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളില്‍ ട്രികോള്‍സാന്‍ രോഗബാധയുണ്ടാക്കുന്നത്. ഈ തടസ്സത്തെ മറികടക്കാന്‍ കരള്‍ കൂടുതല്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ക്യാന്‍സറിനു കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. പ്രകൃതിദത്തമല്ലാത്ത ഈ കൃത്രിമ രാസപദാര്‍ത്ഥം പരീക്ഷണ വിധേയരാക്കിയവരില്‍ ഭൂരിഭാഗം പേരുടെ മൂത്രത്തിലും മലയൂട്ടുന്ന അമ്മമാരില്‍ 97 ശതമാനം പേരുടെ മുലപ്പാലിലും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.
അതേസമയം ഈ കണ്ടെത്തലുകളില്‍ ട്രികോള്‍സാനും ഇത് കൂടുതലായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന രോഗങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ കരുതലോടെ വേണം ഫലത്തെ വിലയിരുത്താനെന്ന് മറ്റു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിത്യോപയോഗ വസ്തുക്കളില്‍ ഇതിന്റെ ഉപേയാഗം മാറ്റാന്‍ നിര്‍ദ്ദേശിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.