വവ്വാലുകളില്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍; കൊല്ലാന്‍ നോക്കിയാല്‍ എട്ടിന്റെ പണി !

രേണുക വേണു| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (10:25 IST)

ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുല്‍ഫി നൂഹു പറയുന്നത്.

ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. അതിനെ അടിച്ചോടിക്കാന്‍ ശ്രമിച്ചാല്‍ ആ വൈറസുകളെല്ലാം ചിതറിക്കപ്പെടും. പിന്നീട് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ വളരെ എളുപ്പമാണ്. വവ്വാലുകളെ ഇല്ലാതാക്കിയാല്‍ നിപയെ പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്. നിപയേക്കാള്‍ ഭീകരന്‍മാരായ വൈറസുകളെ അടക്കം സംവഹിക്കുന്നവരാണ് വവ്വാലുകളെന്നും ഡോ.സുല്‍ഫി നൂഹു പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതി വവ്വാലുകള്‍ക്ക് ചേക്കേറാന്‍ ഇഷ്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മലയോര മേഖലകള്‍ അടക്കം വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. ഒരു സ്ഥലത്തെ വവ്വാലുകളെ കൊന്നൊടുക്കിയാല്‍ അതേ സ്ഥലത്ത് താമസിയാതെ തന്നെ വേറൊരു കൂട്ടം വവ്വാലുകള്‍ എത്തും. ഒരു രാത്രി കൊണ്ട് 80 കിലോമീറ്ററില്‍ അധികം സഞ്ചരിക്കാന്‍ വവ്വാലുകള്‍ക്ക് സാധിക്കും. അതുകൊണ്ട് വവ്വാലുകളെ ഇല്ലാതാക്കിയതുകൊണ്ട് നിപയ്ക്ക് അവസാനമാകില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :