ജോലി ഭാരം അമിതമാകുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തൊഴില്‍ സമ്മര്‍ദ്ദം എന്നത് പുതിയൊരു കാര്യമല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമുക്കിടയില്‍ ഇതിന്റെ തോതും അതുവഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്

Job Stress
Job Stress
ഡോ. നീരജ് എച്ച്| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (16:29 IST)

അമിത ജോലിഭാരത്തിന്റെ സമ്മര്‍ദ്ദത്താല്‍ ജീവന്‍ നഷ്ടപ്പെട്ട അന്ന എന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തൊഴില്‍ ജീവിതവും മാനസികാരോഗ്യവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നത്തെ തിരക്ക് പിടിച്ചതും മത്സരം നിറഞ്ഞതുമായ ജീവിതത്തില്‍ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന കടുത്ത മാനസീക സമ്മര്‍ദ്ദങ്ങളുടെ ഓര്‍മപ്പെടുത്തലാണ് അന്നയുടെ വേദനിപ്പിക്കുന്ന കഥ. തൊഴില്‍ ദാതാക്കളും ജീവനക്കാരും ജോലിയിലെ സമ്മര്‍ദം കുറയ്ക്കുവാനും ആരോഗ്യകരവും സന്തുലിതവുമായ ഒരു ജീവിതം പ്രോത്സാഹിപ്പിക്കുവാനും ഏതൊക്കെ രീതിയില്‍ ശ്രമിക്കുന്നുവെന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു.

തൊഴില്‍ സമ്മര്‍ദ്ദം

തൊഴില്‍ സമ്മര്‍ദ്ദം എന്നത് പുതിയൊരു കാര്യമല്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമുക്കിടയില്‍ ഇതിന്റെ തോതും അതുവഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ജോലി സംബന്ധമായുള്ള സമ്മര്‍ദ്ദങ്ങള്‍ ഒരു പ്രധാന ആരോഗ്യവിഷയമാണെന്നും ഇത് ഒരു വ്യക്തിയുടെ ശാരീരിക, മാനസീക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടനം വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘനാള്‍ നീളുന്ന സ്ട്രെസ് ഡിപ്രഷന്‍, ആങ്സൈറ്റി, കാര്‍ഡിയോവസ്‌കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും. ഏറ്റവും മോശമായ സാഹചര്യങ്ങളില്‍, അന്നയ്ക്ക് സംഭവിച്ചതുപോലെ അവസ്ഥ ഇതിലും ദാരുണമാകാം.

തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തം: കരുതലിന്റെയും പരിഗണനയുടെയും സംസ്‌കാരം സൃഷ്ടിക്കാം

പിന്തുണ നല്‍കുന്നതും ആരോഗ്യകരവുമായ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ തൊഴില്‍ദാതാക്കള്‍ക്ക് സുപ്രധാനമായ പങ്കാണുള്ളത്. തൊഴിലാളികള്‍ക്ക് തങ്ങളുടെ മാനസീകാരോഗ്യത്തെക്കുറിച്ച് ഭയമില്ലാതെ തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്ന ചുറ്റുപാട് വളര്‍ത്തിയെടുക്കേണ്ടത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെന്റല്‍ ഹെല്‍ത്ത് ട്രെയിനിംഗുകളും വര്‍ക്ക്ഷോപ്പുകളും ഈ പ്രതിസന്ധികളെ മറികടക്കുവാന്‍ സഹായിക്കുന്നവയാണ്. ഉദാഹരണമായി ഒരു മുന്‍നിര ഐടി കമ്പനിയില്‍ മാസത്തില്‍ ഒരിക്കല്‍ മെന്റല്‍ ഹെല്‍ത്ത് ഡേയായി കണക്കാക്കുന്നു. എല്ലാ ജീവനക്കാര്‍ക്കും ഒരു ദിവസം അവധി എടുക്കുവാനും അവരുടെ ക്ഷേമത്തിനായി ചിലവഴിക്കുവാനും സാധിക്കും. ഈ പദ്ധതിയിലൂടെ റിപ്പോര്‍ട്ടഡ് സ്ട്രെസ് ലെവല്‍ 30 ശതമാനത്തോളം കുറയുന്നതിലേക്കും ഉത്പാദനക്ഷമത മെച്ചപ്പെടുവാനും കാരണമായി.

'വഴക്കമുള്ള തൊഴില്‍ സാഹചര്യവും കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന ജോലിഭാരവും തൊഴിലാളികളുടെ ഔദാര്യമോ ആനുകൂല്യമോ അല്ല, ജീവനക്കാരുടെ ആരോഗ്യത്തിനും ഉത്പാദനക്ഷമതയ്ക്കും അവ അനിവാര്യമായ കാര്യങ്ങളാണ്.'

ഇത്തരം പദ്ധതികളോട് പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഒരു എച്ച്ആര്‍ പറയുന്നു.

അനുയോജ്യമായ തൊഴില്‍ സമയങ്ങളും വര്‍ക്ക് ഫ്രം ഹോം സൗകര്യവും ജീവനക്കാരുടെ സമ്മര്‍ദം ഗണ്യമായി കുറയ്ക്കുവാന്‍ സഹായിക്കും. സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നടത്തിയ ഒരു സര്‍വേ പ്രകാരം, വഴക്കമുള്ള തൊഴില്‍ ക്രമീകരണങ്ങളോട് ജീവനക്കാര്‍ വളരെയധികം താത്പര്യം കാണിക്കുകയും ഇതുവഴി ഉയര്‍ന്ന തൊഴില്‍ സംതൃപ്തിയും ഉല്‍പ്പാദനക്ഷമതയും കൈവരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനം ഫ്ളെക്സി ഫ്രൈഡേ എന്നൊരു പദ്ധതി നടപ്പില്‍ വരുത്തി. ഇതുപ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ജീവനക്കാരുടെ മനോഭാവത്തില്‍ ഗുണകരമായ മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടായത്.

ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന ജോലികള്‍ മാത്രമേ അയാള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന കാര്യം എപ്പോഴും ഉറപ്പാക്കേണ്ടതുണ്ട്. ജീവനക്കാര്‍ക്ക് അമിത ഭാരം നല്‍കുന്നത് പ്രൊഡക്ടിവിറ്റിയെ പ്രതികൂലമായി ബാധിക്കുകമാത്രമല്ല, ആ വ്യക്തിയെ പൂര്‍ണമായും തളര്‍ത്തുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നേക്കാം. ഒരു പരസ്യ ഏജന്‍സി മൂന്നു മാസത്തില്‍ ഒരിക്കല്‍ വീതം ജീവനക്കാരുടെ ജോലിഭാരം വിലയിരുത്തി, അവരുടെ ശേഷിയെ അടിസ്ഥാനമാക്കി ജോലികള്‍ പുനര്‍ വിന്യസിക്കുന്ന രീതി ആരംഭിച്ചു. ഇതിലൂടെ ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങുന്നത് 20% കുറയുകയും പ്രോജക്റ്റ് ഫലങ്ങള്‍ മെച്ചപ്പെടുകയും ചെയ്തു.

കൗണ്‍സിലിംഗ് സേവനങ്ങള്‍, എംപ്ലോയീ അസിസ്റ്റന്‍സ് പ്രോഗ്രാമുകള്‍, സ്ട്രെസ് മാനേജ്മെന്റ് റിസോഴ്സസ് എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്മര്‍ദത്തോട് പോരാടുവാന്‍ സഹായകമാകും. ഒരു മള്‍ട്ടി നാഷണല്‍ കമ്പനി ഒരു മെന്റല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് 24 മണിക്കൂറും ലഭ്യമാകുന്ന കൗണ്‍സിലിംഗ് സേവനങ്ങള്‍ ഉറപ്പാക്കി. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതായി ജീവനക്കാര്‍ വ്യക്തമാക്കി. കൂടാതെ
മാനസിക സമ്മര്‍ദത്താല്‍ അവധിയെടുക്കുന്നതിലും കുറവുണ്ടായി.

ജീവനക്കാരുടെ പരിശ്രമങ്ങളും നേട്ടങ്ങളും അംഗീകരിക്കുന്നത് അവരില്‍ മനോവീര്യം വര്‍ദ്ധിപ്പിക്കുകയും, പ്രചോദനമാവുകയും ചെയ്യും. ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ നടത്തിയ ഒരു പഠനത്തില്‍, അംഗീകരിക്കപ്പെടുന്നുവെന്ന തോന്നലുള്ള ജീവനക്കാര്‍ കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യുകയും അവരില്‍ സമ്മര്‍ദ്ദം കുറയുന്നതായും കണ്ടെത്തി. ഒരു ടെക് കമ്പനി ഒരു പിയര്‍ റെക്കഗ്നിഷന്‍ എന്ന പേരില്‍ ഒരു പ്രോഗ്രാം നടപ്പിലാക്കി. മികച്ച ജോലിക്ക് തങ്ങളുടെ സഹപ്രവര്‍ത്തകരെ നാമനിര്‍ദ്ദേശം ചെയ്യുവാനാകുന്നതായിരുന്നു പ്രോഗ്രാം. ഇതിലൂടെ എംപ്ലോയീ ഫ്രണ്ട്ലിയായ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയും ജീവനക്കാരുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ജീവനക്കാരുടെ പങ്ക്; തൊഴില്‍ - വ്യക്തിജീവിതം സമതുലിതമായി കൊണ്ടുപോവുക

തൊഴില്‍ദാതാക്കള്‍ക്ക് വലിയ പങ്ക് ഉള്ളതുപോലെത്തന്നെ, ഓരോ ജീവനക്കാര്‍ക്കും അവരുടെ സ്ട്രെസും ആരോഗ്യകരമായ വര്‍ക്ക് - ലൈഫ് ബാലന്‍സും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് തന്നെയുണ്ട്. തൊഴില്‍ ചെയ്യുവാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയത്തില്‍ ഉറച്ചുനില്‍ക്കുന്നത് ജോലി പേഴ്സണല്‍ ടൈം കവരാതിരിക്കുവാന്‍ സഹായിക്കും. ഉദാഹരണത്തിന് ഒരു പ്രൊജക്ട് മാനേജര്‍ വൈകീട്ട് 7 മണിക്ക് ശേഷം വര്‍ക്ക് ഇ മെയില്‍ നോക്കാതിരിക്കുമെന്ന് തീരുമാനിക്കുകയും ആ സമയം തന്റെ കുടുംബത്തിനൊപ്പം ഗുണപരമായി ചിലവഴിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു ശീലം കൈക്കൊള്ളുന്നത് മാനസീകാരോഗ്യം വളര്‍ത്തുകയും ഒപ്പം തൊഴിലിടത്തെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുകയും ചെയ്യും.

' അതിരുകള്‍ നിശ്ചയിക്കുന്നതും, സെല്‍ഫ് കെയറിന് പ്രാധാന്യം നല്‍കുന്നതും തൊഴിലിടത്തെ സമ്മര്‍ദം കൈകാര്യം ചെയ്യുവാന്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ്. നമ്മെത്തന്നെ പരിപാലിക്കുന്നത് ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നമ്മെ സഹായിക്കുന്നു എന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്.' - വര്‍ക്ക് - ലൈഫ് ബാലന്‍സ് കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ജീവനക്കാരന്‍ പറയുന്നു.

കൃത്യമായ ടൈം മാനേജ്മെന്റിലൂടെയും ജോലികള്‍ ചെറിയ ടാസ്‌കുകളായി തിരിച്ച് ചെയ്യുന്നതിലൂടെയും ജോലികള്‍ സമയത്ത് തീര്‍ക്കാതെ പിന്നീട് ചെയ്യുവാന്‍ മാറ്റിവയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്താല്‍ മുഴുവന്‍ സമയവും ജോലിയില്‍ മുങ്ങിക്കിടക്കുന്നത് ഒഴിവാക്കാം. ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് ചെറിയ ബ്രേക്കുകള്‍ എടുക്കുന്നത് ഉന്മേഷത്തോടെയിരിക്കുവാന്‍ സഹായിക്കും. മൈന്‍ഡ്ഫുള്‍നെസ്, മെഡിറ്റേഷന്‍, ഡീപ് ബ്രീത്തിംഗ് തുടങ്ങിയ റിലാക്സേഷന്‍ ടെക്നിക്കുകളിലൂടെ സ്ട്രസിനെ വരുതിയിലാക്കാം.

കുടുംബത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പ്രസക്തി

തൊഴിലിടത്തിലെ സമ്മര്‍ദം കുറയ്ക്കുന്നതിന് കുടുംബത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പ്രാധാന്യം ഏറെയാണ്. കുടുംബത്തിന് ഓരോ വ്യക്തിക്കും ഇമോഷണല്‍ സപ്പോര്‍ട്ടും പിന്തുണയും നല്‍കുവാന്‍ സാധിക്കും. സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, ലോക്കല്‍ വെല്‍നസ് പ്രോഗ്രാമുകള്‍ തുടങ്ങിയവ ഏറെ സഹായകമാകും. കമ്യൂണിറ്റി ആക്ടിവിറ്റികളില്‍ സജീവമായി പങ്കെടുക്കാം.

ദീര്‍ഘകാലമായി നീളുന്ന മാനസിക സമ്മര്‍ദം ഒരു സൈലന്റ് കില്ലറാണെന്ന് മനസ്സിലാക്കുക. വിശ്രമത്തിന്റെയും സെല്‍ഫ് കെയറിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ ജീവിതരീതിയില്‍ വരുത്തുക.


Dr Neeraj


ഡോ. നീരജ് എച്ച്
കണ്‍സള്‍ട്ടന്റ് സൈക്യാട്ട്രിസ്റ്റ്
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍, അങ്കമാലി

ഡോ. നീരജ് എച്ച്
കണ്‍സള്‍ട്ടന്റ് സൈക്യാട്ട്രിസ്റ്റ്
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍, അങ്കമാലി




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :