നിഹാരിക കെ.എസ്|
Last Modified ശനി, 21 ഡിസംബര്‍ 2024 (10:58 IST)
ഗര്‍ഭകാലത്തെ സംബന്ധിച്ച് പല വിശ്വാസങ്ങളും നിലവിലുണ്ട്. ചിലതൊക്കെ അന്ധവിശ്വാസങ്ങളുമാണ്. പലതും തലമുറകളായി കൈ മാറി വരുന്നതുമാണ്. തെറ്റിദ്ധരിപ്പിയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്. അത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും തീർത്തും അവാസ്തവവുമായ ഒന്നാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണി ചായയും കാപ്പിയും കുടിച്ചാൽ കുഞ്ഞിന് നിറം കുറയുമെന്നത്. കാപ്പിയും ചായയും അമിതമായ കഴിയ്ക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാൽ, ഇതിന് നിറവുമായി യാതൊരു ബന്ധവുമില്ല.
ഗര്‍ഭിണി ചായയും കാപ്പിയും കുടിയ്ക്കുന്നത് കുഞ്ഞിന്റെ നിറത്തെ ബാധിയ്ക്കുന്ന ഒന്നല്ല. ചായയ്ക്കും കാപ്പിയ്ക്കും കുഞ്ഞിന്റെ ചര്‍മനിറവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. കുഞ്ഞിന്റെ നിറം മാതാപിതാക്കളില്‍ നിന്നുളള ജീനുകളുടേയും ഒരു പരിധി വരെ കഴിയ്ക്കുന്ന ഭക്ഷണത്തിന്റേയും സ്വാധീനത്തില്‍ വരുന്ന ഒന്നാണ്.
എന്നാല്‍ ഗര്‍ഭകാലത്ത് അമിതമായ അളവില്‍ ചായയും കാപ്പിയും കുടിയ്ക്കുന്നത് അബോര്‍ഷന്‍, കുഞ്ഞിന് ഭാരക്കുറവ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കാം. ഗര്‍ഭിണി കഫീന്‍ അളവ് ദിവസം 200 മില്ലീഗ്രാം എന്ന അളവില്‍ നിര്‍ത്താന്‍ നോക്കുക. അതായത് രണ്ടു കപ്പ് ചായയോ അല്ലെങ്കില്‍ രണ്ട് കപ്പ് കാപ്പിയോ മാത്രം കുടിയ്ക്കുക. പറ്റുമെങ്കിൽ ചായയും കാപ്പിയും പൂർണമായും ഒഴിവാക്കുക.