മഴക്കാലത്ത് ഇതൊക്കെയാണോ കഴിക്കുന്നത്; എങ്കില്‍ അസുഖം വരുന്നതിന് മഴയെ കുറ്റം പറയരുത്

മഴക്കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചെന്നൈ| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (16:40 IST)
ഛന്നം പിന്നം മുറ്റത്തേക്ക് പെയ്‌തുവീഴുന്ന മഴത്തുള്ളികളെ നോക്കിയിരുന്ന് ഒരു കട്ടന്‍ ചായയും പരിപ്പുവടയും കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മഴക്കാലത്തിന്റെ ഓര്‍മ്മ മനസ്സിലേക്ക് വരുമ്പോള്‍ തന്നെ ചൂടു പറക്കുന്ന ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ ഒരു ഭക്ഷണമേശയും മുന്നിലെത്തും. എന്നാല്‍, എല്ലാം വാരിവലിച്ചങ്ങ് തിന്നാലോ ? പാടില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്, തോന്നുന്നപോലെ ഭക്ഷണം കഴിച്ചാല്‍ പണി പാലുവെള്ളത്തിലും കിട്ടും എന്ന് കേട്ടിട്ടില്ലേ, അതുപോലെ തന്നെ സംഭവിക്കും.

തണുത്ത ഭക്ഷണസാധനങ്ങള്‍ മഴക്കാലത്ത് പടിക്ക് പുറത്തായിരിക്കണം. ചെറുചൂടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ വേണം ഭക്ഷിക്കാന്‍. ഒപ്പം, ദഹിക്കാന്‍ എളുപ്പമുള്ളതുമായിരിക്കണം. അല്പം ഉപ്പും പുളിയുമൊക്കെയുള്ളതാണെങ്കില്‍ നല്ലതാണ്. ഗോതമ്പ്, ചെറുപയര്‍, തേന്‍ എന്നിവ കഴിക്കാം. മാംസം കഴിക്കുന്നതിനു പകരം സൂപ്പ് ശീലിക്കുന്നത് നല്ലത് ആയിരിക്കും.

കുടിക്കാന്‍ പച്ചവെള്ളം ഉപയോഗിക്കുന്നതിനു പകരം ചുക്ക്, കൊത്തമല്ലി കൊണ്ടൊക്കെ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. സസ്യാഹാരപ്രിയര്‍ സാലഡിന് നിയന്ത്രണം വെക്കണം. തക്കാളി, മത്തങ്ങ, കുമ്പളങ്ങ, വഴുതനങ്ങ, കാബേജ് എന്നീ പച്ചക്കറികള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഭക്ഷണം പാകം ചെയ്യുന്നതിലും മാറ്റം വരണം. അലുമിനിയം പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍, മണ്ണ്, ഓട് പാത്രങ്ങള്‍ പാചകത്തിനയി ഉപയോഗിച്ച് ശീലിക്കുക.

മൈദ കൊണ്ടുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ച് പൊറോട്ട നിര്‍ബന്ധമായും ഒഴിവാക്കണം. ആഹാരസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും തണുത്തതും ശീതീകരിച്ചതുമായ ഭക്‌ഷ്യവസ്തുക്കളും ഒഴിവാക്കണം. രാത്രിയില്‍ മാംസഭക്ഷണം, തൈര് എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :