സജിത്ത്|
Last Modified തിങ്കള്‍, 16 ഒക്ടോബര്‍ 2017 (17:14 IST)
ഏതൊരു സ്ത്രീയേയും സംബന്ധിച്ച് ശാരീരികവും മാനസികവുമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്ന സമയമാണ് ആര്‍ത്തവദിനങ്ങള്‍. ഈ ദിവസങ്ങളിലുണ്ടാകുന്ന പ്രയാസങ്ങള്‍ മറികടക്കുന്നതിനായി ജീവിതരീതിയോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും ശ്രദ്ധ നല്‍കണം. ആര്‍ത്തവദിനങ്ങളില്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം...
ആര്‍ത്തവവേദന മറികടക്കുന്നതിനായി പാല് കുടിക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ ഇത് വിപരീതഫലമാണ് ഉണ്ടാക്കുക. പാലില്‍ അടങ്ങിയിട്ടുള്ള അരാകിഡോണിക് ആസിഡ് വേദന കൂടാന്‍ മാത്രമേ ഇടയാക്കുകയുള്ളു. കഫീന്‍ അടങ്ങിയിട്ടുള്ള കോഫി പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഇവ കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കൂടുകയും അത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും നിര്‍ജ്ജലീകരണം, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ബേക്കറികളില്‍ നിന്നും മറ്റുമെല്ലാം ലഭിക്കുന്ന സംസ്ക്കരിച്ച രൂപത്തിലുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആര്‍ത്തവപ്രശ്നങ്ങള്‍ രൂക്ഷമാക്കി മാറ്റും. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയമാണ് ഇവിടെ വില്ലനാകുന്നത്. ഇവയ്ക്ക് പകരമായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളില്‍നിന്ന് ഏറെ ആശ്വാസം നല്‍കും.
ചുവന്ന മാംസ വിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള കൂടിയ അളവിലുള്ള പൂരിത കൊഴുപ്പ് ആര്‍ത്തവ പ്രശ്നങ്ങള്‍ രൂക്ഷമാക്കും. അതേസമയം, മല്‍സ്യം, തൊലികളഞ്ഞ ചിക്കന്‍, എന്നിവ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. നഗര പ്രദേശങ്ങളില്‍, വേദന മറികടക്കാന്‍ മദ്യത്തില്‍ അഭയം തേടുന്ന സ്ത്രീകളുണ്ട്. എന്നാല്‍ മദ്യം കഴിച്ചാലും ആര്‍ത്തവപ്രശ്നങ്ങള്‍ രൂക്ഷമായി മാറുകയേ ഉള്ളൂവെന്നും പഠനങ്ങള്‍ പറയുന്നു.