BIJU|
Last Modified വെള്ളി, 17 നവംബര്‍ 2017 (16:57 IST)
പ്രിയദര്‍ശന്‍റെ ചില ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് മലയാളത്തില്‍ നിന്ന് ഏതാണ്ട് ഔട്ടായെന്ന രീതിയില്‍ നില്‍ക്കുന്ന സമയത്ത് പ്രിയനെ തെലുങ്ക് സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോയ താരമാണ് നാഗാര്‍ജ്ജുന. അന്നുതുടങ്ങിയ ആ ബന്ധം പ്രിയനും നാഗാര്‍ജ്ജുനയും ഇന്നും കാത്തുസൂക്ഷിക്കുന്നു.
നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയും പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയും ജോഡിയാകുന്ന ‘ഹലോ’ എന്ന ചിത്രമാണ് ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരിക്കുന്നു. അതിഗംഭീരം എന്ന അഭിപ്രായമാണ് ടീസര്‍ നേടിയിട്ടുള്ളത്.
പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകളായ ലിസിയുടെ ആദ്യ സിനിമയാണിത്. എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയേതുമില്ലാതെയാണ് ഹലോയിലെ നായികാ കഥാപാത്രത്തെ കല്യാണി അവതരിപ്പിച്ചിരിക്കുന്നത്.
നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ രമ്യ കൃഷ്ണന്‍, ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയെ നായകനാക്കി ‘24’ എന്ന മെഗാചിത്രം സംവിധാനം ചെയ്ത വിക്രം കെ കുമാര്‍ പുതിയ സിനിമയിലും ഞെട്ടിക്കുമെന്നാണ് വിവരം. നാഗാര്‍ജ്ജുനയുടെ പ്രിയപ്പെട്ട സംവിധായകനാണ് വിക്രം കെ കുമാര്‍. ‘മനം’ എന്ന ചിത്രത്തില്‍ അക്കിനേനി കുടുംബത്തിലെ മൂന്ന് തലമുറയെ അദ്ദേഹം ഒരുമിപ്പിച്ചിരുന്നു.
നാഗചൈതന്യയുടെ സഹോദരനായ അഖില്‍ അക്കിനേനിയുടെ രണ്ടാമത്തെ ചിത്രമാണ് ഹലോ. ആദ്യ ചിത്രമായ അഖില്‍ പരാജയമായിരുന്നു.