മിലി നല്‍കിയത് നിരാശ: ഷംന

ഷംന, മിലി, അമല പോള്‍, രാജേഷ് പിള്ള, നിവിന്‍ പോളി
Last Updated: ശനി, 7 ഫെബ്രുവരി 2015 (13:31 IST)
'മിലി' എന്ന ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തെ വെട്ടിച്ചുരുക്കിയത് ശരിയായില്ലെന്ന് നടി ഷം‌ന കാസിം. തന്നോട് പറഞ്ഞ കഥയല്ല സിനിമയായതെന്നും മറ്റ് പ്രൊജക്ടുകള്‍ പോലും ഒഴിവാക്കിയാണ് മിലിയില്‍ അഭിനയിച്ചതെന്നും തുറന്നടിച്ചു.

അമല പോള്‍ അവതരിപ്പിച്ച മിലി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ അടുത്ത കൂട്ടുകാരിയായാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ തന്നോട് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു തിരക്കഥയാണ് അവതരിപ്പിച്ചതെന്ന് ഷംന ആരോപിക്കുന്നു.

മറ്റ് പല പ്രൊജക്ടുകളും ഡാന്‍സ് പ്രോഗ്രാമുകളും മാറ്റിവച്ചാണ് മിലിയുടെ ഭാഗമായത്. എന്നാല്‍ എന്നോട് പറഞ്ഞതിനോട് ഒരു സാമ്യവുമില്ലാത്ത മറ്റൊരു സിനിമയാണ് സ്ക്രീനില്‍ കണ്ടത്. കടുത്ത നിരാശയാണ് ചിത്രം കണ്ടപ്പോല്‍ തോന്നിയത് - ഷംന പറയുന്നു.

കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. പിന്നീട് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചു. 'ചട്ടക്കാരി' എന്ന സിനിമയിലെ നായികാവേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ഉള്‍പ്പടെയുള്ള അന്യഭാഷകളിലും ഷംന താരമായി. തമിഴകത്ത് പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. 'ചിന്ന അസിന്‍' എന്നാണ് ഷംനയെ ഇളയദളപതി വിജയ് വിശേഷിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :