മമ്മൂട്ടിച്ചിത്രം ജോഷി മാറ്റിവച്ചു, വീണ്ടും മോഹന്‍ലാല്‍!

മമ്മൂട്ടി, മോഹന്‍ലാല്‍, ജോഷി, അമല പോള്‍, മഞ്ജു വാര്യര്‍
Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (20:49 IST)
പെട്ടെന്ന് തീരുമാനമെടുക്കാനുള്ള അസാധാരണമായ കഴിവാണ് ജോഷിയെ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനായി നിലനിര്‍ത്തുന്നത്. സങ്കീര്‍ണമായ പല സാഹചര്യങ്ങളെയും ഈസിയായി കൈകാര്യം ചെയ്യാനും ശരിയായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനുമുള്ള ആ വൈഭവത്തിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഇപ്പോഴിതാ, ജോഷി വീണ്ടും വിസ്മയിപ്പിക്കുന്നു.

മോഹന്‍ലാലിനെ നായകനാക്കി 'ലൈലാ ഓ! ലൈലാ' എന്ന റൊമാന്‍റിക് ത്രില്ലര്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ജോഷി. അതിന് ശേഷം രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ജോഷി തീരുമാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിന്‍റെ ചര്‍ച്ചകളും മറ്റ് കാര്യങ്ങളും ഏറെ മുന്നേറിയതുമാണ്. ഇടയ്ക്ക് രഞ്ജന്‍ പ്രമോദ് അറിയിച്ചത് ജോഷിച്ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകും എന്നാണ്.

കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു എന്നാണ് പുതിയ വിവരം. ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും നായകനാകുക. ഈ സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് മാസത്തില്‍ ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ സിനിമയ്ക്ക് ശേഷം വീണ്ടും ജോഷി ക്യാമ്പിലേക്ക് പോകാനാണ് മോഹന്‍ലാലിന്‍റെ പദ്ധതി.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും മോഹന്‍ലാല്‍ - ജോഷി ടീമിന്‍റേതായി വീണ്ടും സംഭവിക്കാന്‍ പോകുന്നത്. ശ്രദ്ധിക്കേണ്ട ഒരു സംഗതി, മമ്മൂട്ടിയുമൊത്ത് ഒരു ജോഷിച്ചിത്രം എന്ന ആരാധകരുടെ മോഹം ഉടനെയൊന്നും നടക്കില്ല എന്നതാണ്. 'ട്വന്‍റി20' ആണ് ജോഷിയും മമ്മൂട്ടിയും ഒരുമിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :