ദി അഡ്വക്കേറ്റ് - ഒരു ലീഗല്‍ ത്രില്ലര്‍ - അനൂപ് മേനോന്‍ അഭിഭാഷകന്‍ !

അനൂപ് മേനോന്‍, ദി അഡ്വക്കേറ്റ്, കനല്‍, മോഹന്‍ലാല്‍, പദ്മകുമാര്‍
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (16:14 IST)
എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘കനല്‍’ ഒരു റിവഞ്ച് സ്റ്റോറിയാണ്. മോഹന്‍ലാലിനൊപ്പം നായകതുല്യമായ കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. കനലിന് ശേഷം അനൂപ് മേനോന്‍ വീണ്ടും തന്‍റെ തിരക്കഥാരചനാ ജോലികളിലേക്ക് കടക്കും. എം പദ്മകുമാറിനുവേണ്ടിയാണ് അടുത്ത തിരക്കഥ. അത് ഒരു ലീഗല്‍ ത്രില്ലറായിരിക്കും. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകനാകുന്നത്. 'ദി അഡ്വക്കേറ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഒരു അഭിഭാഷകനായാണ് അനൂപ് മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും അനൂപ് ഒരു അഭിഭാഷകനാണ്. "ചിത്രത്തിന്‍റെ ആദ്യ രംഗങ്ങള്‍ എന്‍റെ കോളജ് ജീവിതത്തില്‍നിന്നുതന്നെ എടുത്തിട്ടുള്ളതാണ്” - അനൂപ് പറയുന്നു.

ഹണി റോസാണ് നായിക. രതീഷ് വേഗ സംഗീതം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം മഹാദേവന്‍ തമ്പി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവ് നായര്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ജോജു, നന്ദു, കലാഭവന്‍ ഷാജോണ്‍, നെടുമുടി വേണു, വിജയ് ബാബു തുടങ്ങിയരും അഭിനയിക്കുന്നുണ്ട്.

പാവ, മാല്‍ഗുഡി ഡെയ്സ്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയവയാണ് അനൂപ് മേനോന്‍റെ അടുത്ത പ്രൊജക്ടുകള്‍. പ്രിയദര്‍ശനുവേണ്ടിയും അനൂപ് മേനോന്‍ ഒരു തിരക്കഥ എഴുതുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :