മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഡേറ്റില്ല, പൃഥ്വി പിന്‍‌മാറി; പകരമെത്തുന്നത് അനൂപ് മേനോന്‍ !

മോഹന്‍ലാല്‍, അനൂപ് മേനോന്‍, പൃഥ്വിരാജ്, ലോഹം, കനല്‍, രഞ്ജിത്
Last Modified തിങ്കള്‍, 4 മെയ് 2015 (15:49 IST)
‘കനല്‍’ എന്ന പ്രൊജക്ടില്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയുമാണ് നായകന്‍‌മാരായി സംവിധായകന്‍ എം പത്മകുമാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തേയാക്കി നിശ്ചയിച്ചപ്പോള്‍ ചില വന്‍ മാറ്റങ്ങള്‍ സിനിമയില്‍ സംഭവിച്ചിരിക്കുന്നു. പൃഥ്വിരാജ് ഈ സിനിമയില്‍ നിന്ന് പിന്‍‌മാറി. പൃഥ്വി അവതരിപ്പിക്കാനിരുന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രതികാരത്തിന്‍റെ കഥ പറയുന്ന ഈ തില്ലറില്‍ ഡാര്‍ക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിക്കായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ‘പുലിമുരുകന്‍’ എന്ന പ്രൊജക്ടിന്‍റെ ഷൂട്ടിംഗ് നീട്ടിവച്ചതോടെ ആ ഗ്യാപ്പില്‍ ‘കനല്‍’ ചെയ്യാന്‍ തീരുമാനമായി. പൃഥ്വിക്ക് പക്ഷേ ആ സമയത്ത് ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാതായതോടെ അനൂപിനെ ആ റോള്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഈ റിവഞ്ച് ഡ്രാമയുടെ തിരക്കഥ എസ് സുരേഷ്ബാബുവാണ്. ‘എവരി എന്‍ഡിംഗ് ഹാസ് എ ന്യൂ ബിഗിനിംഗ്’ എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍. പകയുടെ കനലുകളെരിയുന്ന മനസുകളുമായി രണ്ട് അപരിചിതര്‍ ദുബായില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മോഹന്‍ലാലിനൊപ്പം നായകതുല്യകഥാപാത്രമായാണ് അനൂപ് എത്തുന്നത്. പത്മകുമാര്‍ ഇതിനുമ്പ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ശിക്കാര്‍ വന്‍ ഹിറ്റായിരുന്നു.

ഹണി റോസ് ആണ് കനലില്‍ മോഹന്‍ലാലിന് നായികയാകുന്നത്. ഷീലു ഏബ്രഹാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ വിനോദ് ഇല്ലം‌പള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :