മോഹന്‍ലാല്‍ ചിത്രത്തില്‍ ശാലുമേനോന്‍ !

മോഹന്‍ലാല്‍, ശാലുമേനോന്‍, കനല്‍, മമ്മൂട്ടി, ജയറാം
Last Modified ചൊവ്വ, 19 മെയ് 2015 (14:26 IST)
വളരെ കുറച്ചു സിനിമകളിലേ ശാലുമേനോന്‍ അഭിനയിച്ചിട്ടുള്ളൂ. സീരിയലുകളിലാണ് ശാലു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. മോഹന്‍ലാലിനൊപ്പം കാക്കക്കുയിലില്‍ അഭിനയിച്ചിട്ടുള്ള ശാലുമേനോന്‍ കവര്‍ സ്റ്റോറി, വക്കാലത്ത് നാരായണന്‍‌കുട്ടി, മകള്‍ക്ക്, കിസാന്‍, ഇന്ദ്രജിത്ത്, ഇത് പാതിരാമണല്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി.

ഇപ്പോഴിതാ, ശാലുമേനോന്‍ വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘കനല്‍’ എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം ശാലുമേനോന്‍ അഭിനയിക്കുന്നത്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമായിരിക്കും ശാലു അവതരിപ്പിക്കുക. കഥയില്‍ നിര്‍ണായകപ്രാധാന്യമുള്ള ഈ കഥാപാത്രം മലയാള സിനിമയില്‍ ശാലുമേനോന്‍റെ വന്‍ തിരിച്ചുവരവുകൂടിയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എസ് സുരേഷ്ബാബുവാണ് തിരക്കഥയെഴുതുന്നത്. ശിക്കാറിന് ശേഷം ഈ ടീം വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുള്ള പ്രൊജക്ടില്‍ അനൂപ് മേനോനും ഹണി റോസും അഭിനയിക്കുന്നുണ്ട്. ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് രാമന്‍ എന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു.

അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്ന കനല്‍ ക്യാമറയിലാക്കുന്നത് വിനോദ് ഇല്ലമ്പള്ളി. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :