Last Updated:
ബുധന്‍, 9 നവംബര്‍ 2016 (17:56 IST)
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ മമ്മൂട്ടി ആരാധകര്‍ സങ്കടത്തിലാണ്. എന്നാണ് മമ്മൂട്ടിക്ക് ഒരു 100 കോടി ക്ലബിലെത്തുന്ന ചിത്രം ഉണ്ടാവുക എന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഒരു ആശങ്കയും വേണ്ട, അടുത്ത ഓണത്തിന് 100 കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടി സിനിമ സംഭവിക്കുമെന്നാണ് സൂചന.
ടു കണ്‍ട്രീസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും 2017ല്‍ മമ്മൂട്ടിയുടെ ഓണച്ചിത്രം. ആ സിനിമ 100 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് ബോക്സോഫീസ് പ്രവാചകരുടെ വാദം. റാഫിയായിരിക്കും ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.
ദിലീപിനെ നായകനാക്കി എടുത്ത ടു കണ്‍ട്രീസ് 50 കോടി ക്ലബിലെത്തിയെങ്കില്‍ അതേ ടീമിന്‍റെ മമ്മൂട്ടിച്ചിത്രം 100 കോടി ക്ലബില്‍ അനായാസം പ്രവേശിക്കുമെന്നാണ് മമ്മൂട്ടി ആരാധകരും വിശ്വസിക്കുന്നത്. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രമുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന് അവര്‍ കരുതുന്നു.
മമ്മൂട്ടിയും ഷാഫിയും അഞ്ചാം വട്ടവും ഒരുമിക്കുന്ന പ്രൊജക്ടാണിത്. സംവിധായകന്‍ സിദ്ദിക്കിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിക്കിനെപ്പോലെ സിനിമയുടെ മര്‍മ്മം അറിഞ്ഞൊരാള്‍ നിര്‍മ്മാതാവാകുന്നതിന്‍റെ ഗുണവും ഈ സിനിമയ്ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മമ്മൂട്ടി - ഷാഫി കൂട്ടുകെട്ടില്‍ മെഗാഹിറ്റായ മായാവി രചിച്ചത് ഷാഫിയായിരുന്നു. തൊമ്മനും മക്കളും, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി ഒരുക്കിയ മറ്റ് മമ്മൂട്ടി സിനിമകള്‍.